തിരക്കു പിടിച്ച ലോകത്ത് കത്തുകള്‍ ഫോണ്‍ സംഭാഷങ്ങളായും, ഫോണ്‍ സംഭാഷണങ്ങള്‍ മെസേജുകളായും മാറി. ഫോണില്‍ ടൈപ്പ് ചെയ്യാനുള്ള സമയം ലാഭിക്കാനായി ചുരുക്കെഴുത്ത് തുടങ്ങി. എന്നാല്‍ ഇതിനെയെല്ലാം കടത്തിവെട്ടിയ വരവായിരുന്നു ഇമോജികളുടേത്. ഒരു മഞ്ഞ വട്ടത്തില്‍ മനുഷ്യന്‍റെ വികാരങ്ങളെ ഉള്‍ക്കൊള്ളിച്ച കണ്ടുപിടിത്തം. ഒരു കത്തിലോ, ഒരു നീണ്ട മെസേജിലോ ഉള്‍ക്കൊള്ളുന്ന കാര്യം ഇന്ന് ഒരു ഇമോജിയില്‍ പറയാം. ആ കണ്ടുപിടിത്തത്തിന്‍റെ ദിനമാണിന്ന്. ജൂലൈ 17 ലോക ഇമോജി ദിനം.
വികാരങ്ങള്‍ ഉള്‍ക്കൊള്ളുന്ന മുഖം എന്നാണ് ഇമോജികള്‍ക്ക് ഓക്‌സ്‌ഫോർഡ് നല്‍കുന്ന അർഥം. വാട്‌സ് ആപ്പ്, ഫേസ്‌ബുക്ക്, ടെലഗ്രാം, ട്വിറ്റർ സമൂഹമാധ്യമങ്ങളിലെല്ലാം ഇന്ന് താരമാണ് ഇമോജികള്‍. സന്ദേശങ്ങളായും, കമന്‍റുകളായും അത് നിറഞ്ഞ് നില്‍ക്കുന്നു. തുടങ്ങിയത് മഞ്ഞ നിറത്തിലുള്ള ഒരു വൃത്തത്തില്‍ നിന്നാണെങ്കിലും, ആ വൃത്താകൃതിയുടെ അതിന് കടന്ന് ഏറെ മുന്നോട്ടെത്തിയിട്ടുണ്ട് ഇമോജികള്‍. മനുഷ്യന്‍റെയും, പ്രകൃതിയുടെയും, വാഹനങ്ങളുടെയുമെല്ലാം ഇമോജികള്‍ ഇന്ന് വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.
ജനനം ജപ്പാനില്‍
1999ല്‍ ജപ്പാനിലാണ് ഇമോജി 'ജനിക്കുന്നത്'. മൊബൈല്‍ ഫോണ്‍ കമ്പനിയായ എൻടിടി ഡോക്കോമോയിലെ ജീവനക്കാരനും കലാകാരനുമായി ഷിഗറ്റെകാ കുരീറ്റയാണ് സൃഷ്‌ടാവ്. സംഭാഷങ്ങള്‍ കുറഞ്ഞ അക്ഷരങ്ങളില്‍ ഒതുക്കുക എന്ന ലക്ഷ്യാണ് ഈ കണ്ടുപിടുത്തത്തിലേക്ക് എത്തിച്ചത്. ജപ്പാനില്‍ ഏറെ പ്രശസ്‌തമായ അനിമേഷൻ രീതിയായ മാംഗയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ഷിഗറ്റെകാ മഞ്ഞനിറത്തിനുള്ള മനുഷ്യവികാരങ്ങളെ, വലിയ ആശങ്ങളെ ഒതുക്കി നിർത്തി. പൂർണമായും വൃത്തത്തിലായിരുന്നില്ല ആദ്യ ഇമോളികള്‍. കോളങ്ങള്‍ തിരിച്ച ഒരു വലിയ ചതുരത്തിനുള്ളിലായിരുന്നു ഈ മഞ്ഞ മുഖങ്ങള്‍ സൃഷ്‌ടിക്കപ്പെട്ടത്. കാലന്തരത്തില്‍ ഇത് വൃത്തമായി മാറുകയായിരുന്നു.
പേര് വന്ന വഴി
ജനനം ജപ്പാനിലായതുകൊണ്ട് തന്നെ ഇമോജി എന്ന പേരും ജാപ്പനീസ് ഭാഷയില്‍ നിന്നാണുണ്ടായിരിക്കുന്നത്. ജാപ്പനീസ് ലിപി തന്നെ ചിത്ര രൂപത്തിലാണെന്നതാണ് ഇതിലെ ആദ്യ കൗതുകം. ഇ, മോ,ജി എന്നീ മൂന്ന് ജാപ്പനീസ് വാക്കുകള്‍ കൂട്ടിച്ചേർത്താണ് ഇമോജി എന്ന വാക്ക് രൂപപ്പെടുത്തിയത്. ഇ എന്നാല്‍ ചിത്രം എന്നും, മോ എന്നാല്‍ എഴുത്ത് എന്നും, ജി എന്നാല്‍ അക്ഷരം എന്നുമാണ് അർഥം. അതുകൊണ്ട് ഈ മൂന്ന് സംഭവങ്ങളും ഒരുമിച്ച് ചേർന്ന മഞ്ഞ മുഖത്തെ അവർ ഇമോജി എന്ന് വിളിച്ചു.
ഇമോജി പീഡിയ
2013ല്‍ ഓസ്‌ട്രേലിയക്കാരനായ ജെറെമി ബർജ് സ്ഥാപിച്ച ഇമോജിപീഡിയ ആണ് ഇന്ന് ലോകത്തെ ഇമോജികളുടെ കേന്ദ്രം. ഓരോ ഇമോജികള്‍ക്കമുള്ള നിർവചനങ്ങള്‍ ഇവരുടെ പക്കലുണ്ട്. ഈ വെബ്‌സൈറ്റില്‍ പോയാല്‍ കാറ്റഗറി തിരച്ചുള്ള ഇമോജികളും അവയുടെ അർഥങ്ങളും കാണാനാകും. എല്ലാ വർഷവും ജൂലൈ 17 ലോക ഇമോജി ദിനമായി തീരുമാനിച്ചതും ഇവരാണ്. 2014ല്‍ ആണ് ആദ്യ ഇമോജി ദിനം ആചരിച്ചത്.
ഇമോജി ഓഫ് ദ ഈയർ
എല്ലാ ഇമോജി ദിനത്തിലും പോയ വർഷത്തെ മികച്ച ഇമോജികളെയും കണ്ടെത്തുന്നുണ്ട്. പൊതുവായി നടത്തുന്ന വോട്ടെടുപ്പിലൂടെയാണ് മികച്ച ഇമോജികളെ കണ്ടെത്തുന്നത്.
കത്തുന്ന ഹൃദയമാണ് 2021ലെ ഏറ്റവും മികച്ച ഇമോജിയായി തെരഞ്ഞെടുത്തിരിക്കുന്നത്. ചുരുണ്ട കണ്ണുകളുള്ള 'ട്രാൻസ്' മൂഡിലുള്ള ഇമോജി രണ്ടാമതും, കണ്ണീര്‍ വീഴ്‌ത്തി ചിരിക്കുന്ന മഞ്ഞമുഖം മൂന്നാമതെത്തി. കണ്ണ് താഴ്‌ന്ന് മടുത്തു എന്ന ഭാവത്തിലുള്ള ഇമോജിക്ക് നാലാം സ്ഥാനം ലഭിച്ചു. വാവിട്ട് പൊട്ടിക്കരയുന്ന ഇമോജിക്ക് ലൈഫ് ടൈം അചീവ്‌മെന്‍റ് അവാർഡും നൽകി.
പുത്തൻ ഇമോജികള്‍ വരുന്നു
പുത്തൻ ഇമോജി വർഷത്തില്‍ പുതിയ ഭാവത്തില്‍ ഇമോജികളെത്തും. സെപ്‌റ്റംബറിലായിരിക്കും ഔദ്യോഗികമായി ഇവ പുറത്തിറങ്ങുക. ഉരുകുന്ന മുഖം, തുറന്ന കണ്ണുകളുള്ള മുഖം, സല്യൂട്ട് ചെയ്യുന്ന മുഖം, ഡോട്ടുകള്‍ കൊണ്ട് വരച്ച മുഖം, കണ്ണുനീർ തടഞ്ഞുനിർത്തുന്ന മുഖം എന്നിവയാണ് സാധ്യത പട്ടികയിലുള്ളത്. കൂട്ടത്തില്‍ ഏറ്റവും അധികം ചർച്ചയാകുന്നത് ഗർഭസ്ഥനായ പുരുഷന്‍റെ ഇമോജി വരുമെന്ന റിപ്പോർട്ടുകളാണ്. ട്രാൻസ്ജെൻഡർമാരായ പുരുഷന്മാർക്കും ഗർഭം ധരിക്കാൻ സാധ്യമാണെന്ന റിപ്പോർട്ടാണ് ഇത്തരമൊരു ഇമോജി രൂപപ്പെടുത്താൻ കാരണം.