കറാച്ചി: കൊവിഡ്-19 ബാധിത പ്രദേശങ്ങളില്‍ സഹായ വിതരണം നടത്തുന്നതിനിടെയുണ്ടായ പൊലീസ് വെടിവെപ്പില്‍ 32 കാരി കൊല്ലപ്പെട്ടു. രണ്ട് സന്നദ്ധ സംഘടനകളാണ് ബുധനാഴ്ച കറാച്ചിയിലെ ചേരി പ്രദേശങ്ങളില്‍ സഹായവുമായി എത്തിയത്. ഇതോടെ സംഘടനാ പ്രവര്‍ത്തകര്‍ തമ്മില്‍ തര്‍ക്കമുണ്ടായി. പ്രദേശത്ത് ജനങ്ങള്‍ തടിച്ചു കൂടിയിരുന്നു.
ഇതോടെ നാലംഗ പൊലീസ് സംഘം സ്ഥലത്തെത്തി. സ്ഥിതിഗതികള്‍ നിയന്ത്രണാതീതമാകാത്ത സാഹചര്യത്തില്‍ ജനങ്ങളെ പിരിച്ച് വിടാനായി പൊലീസ് ആകാശത്തേക്ക് വെടിവച്ചു. ഇതിനിടെ വീടിന്‍റെ ജനലിലൂടെ സംഭവങ്ങള്‍ നോക്കി നില്‍ക്കുകയായിരുന്ന നഫീസക്ക് വെടിയേല്‍ക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇവരെ ഉടന്‍ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. തലക്കാണ് വെടിയേറ്റത്.
ലോക് ഡൗണ്‍ കാരണം പാകിസ്ഥാനില്‍ കടുത്ത ദാരിദ്രമാണ് അനുഭവപ്പെടുന്നത്. ജനങ്ങള്‍ക്ക് ജോലിനഷ്ടമായി. സഹായ വിതരണ കേന്ദ്രങ്ങളില്‍ ജനത്തിരക്ക് കാരണം അക്രമ കേന്ദ്രങ്ങളായികൊണ്ടിരിക്കുകയാണ്. മുന്‍കൂര്‍ അനുമതിയൊ സുരക്ഷാ സംവിധാനങ്ങളൊ ഒരുക്കാതെയാണ് പ്രദേശത്ത് സഹായ വിതരണം നടത്തിയതെന്നും പൊലീസ് സ്റ്റേഷന്‍ ഓഫീസര്‍ ഷാക്കിര്‍ ഹൂസൈന്‍ പറഞ്ഞു. വളണ്ടിയര്‍മാര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതിനിടെ സിന്ധ് പ്രവശ്യയില്‍ 1668 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. 42 പേരാണ് പ്രദേശത്ത് മരിച്ചത്.
ബുധനാഴ്ച മാത്രം പ്രദേശത്ത് ആറ് പേര്‍ മരിച്ചു. 11 പ്രദേശങ്ങള്‍ കൊവിഡ് ഹോട്ട് സ്പോട്ടുകളായി പ്രഖ്യാപിച്ചിട്ടുണ്ട്. മൂന്ന് പ്രദേശങ്ങള്‍ അടച്ചു. അതേസമയം കൊവിഡ്-19 മഹാമാരിയെ നേരിടാന്‍ ജനങ്ങള്‍ സാമൂഹ്യ അകലം പാലിക്കണമെന്ന് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ആവശ്യപ്പെട്ടു.