ജമ്മു: ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ നിയന്ത്രണ രേഖയിൽ പാക്കിസ്ഥാൻ നടത്തിയ വെടിനിർത്തൽ നിയമലംഘനത്തിൽ സ്ത്രീക്ക് പരിക്കേറ്റതായി പ്രതിരോധ മന്ത്രാലയ വക്താവ് കേണൽ ദേവേന്ദർ ആനന്ദ് പറഞ്ഞു. ശനിയാഴ്ച പുലർച്ചെ 1.30 ഓടെയാണ് പൂഞ്ച് ജില്ലയിലെ മാൻകോട്ട് സെക്ടറിലെ നിയന്ത്രണരേഖയിൽ സിവിലിയൻ പ്രദേശങ്ങളെ ലക്ഷ്യമാക്കി മോർട്ടാറുകൾ ഉപയോഗിച്ചും ചെറിയ ആയുധങ്ങൾ ഉപയോഗിച്ചും തീവ്രമായ ഷെല്ലാക്രമണത്തിലൂടെയും പാക്കിസ്ഥാൻ വെടിനിർത്തൽ കരാര്‍ ലംഘിച്ചത്. ഇതിനെതിരെ ഇന്ത്യൻ സൈന്യം തിരിച്ചടിക്കുകയും ചെയ്തു.
പൂഞ്ച് ജില്ലയിലെ ഷാപൂർ, കിർണി, ഖസ്ബ എന്നീ മൂന്ന് മേഖലകളിലും വെള്ളിയാഴ്ച വെടിനിർത്തൽ കരാര്‍ ലംഘിച്ചു. ഈ വർഷം തുടക്കം മുതൽ 1999 ൽ ഇരു രാജ്യങ്ങളും ഒപ്പുവച്ച ഉഭയകക്ഷി വെടിനിർത്തൽ കരാർ പാക്കിസ്ഥാൻ ലംഘിക്കുകയാണ്. നിയന്ത്രണ രേഖയിൽ ഇതുവരെ 3,190 ലധികം വെടിനിർത്തൽ നിയമലംഘനങ്ങളിൽ 24 സിവിലിയന്മാർ കൊല്ലപ്പെടുകയും നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.