സിഡ്‌നി: ഓസ്‌ട്രേലിയയില്‍ കഴിഞ്ഞ എതാനും ദിവസങ്ങളായി തുടരുന്ന കാട്ടുതീ കൂടുതല്‍ പ്രദേശിലേക്ക് പടരുന്നു. രാജ്യത്തെ പ്രധാന നഗരമായ പെര്‍ത്തിലേക്ക് വ്യാപിച്ച തീപിടുത്തത്തില്‍ ഒരാളുടെ മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. രാജ്യത്തെ ചൂട് ദിനംപ്രതി ഉയരുന്ന സാഹചര്യത്തില്‍ കുറ്റിക്കാടുകള്‍ക്ക് തീപിടിക്കുന്നത് വ്യാപകമാകുന്നുണ്ട്. തെക്കന്‍ ഓസ്‌ട്രേലിയയില്‍ മാത്രം നാല്‍പ്പതിനായിരം ഹെക്‌ടര്‍ ഭൂമി കത്തിനശിച്ചു.
രാജ്യത്തിന്‍റെ തെക്ക് കിഴക്കന്‍ മേഖലയിലാണ് കൂടുതല്‍ തീപിടുത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. സ്ഥിതി ഗുരുതരമാണെന്നും വേണ്ട രീതിയില്‍ ഇടപെടല്‍ നടത്തുന്നുണ്ടെന്നും ന്യൂ സൗത്ത് വെയില്‍സ് റൂറല്‍ ഫയര്‍ സര്‍വീസ് കമ്മിഷണര്‍ ഷെയ്‌ന്‍ ഫിറ്റ്സിമോണ്‍സ് അറിയിച്ചു. പടിഞ്ഞാറന്‍ സിഡ്‌നിയിലെ ചൂട് 47 ഡിഗ്രി സെല്‍ഷ്യസിലെത്തിയിട്ടുണ്ട്. സൗത്ത് വെയില്‍സിലെ ചൂടിന് കുറവ് വരാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. എന്നാല്‍ മേഖലയിലെ ശക്തമായ കാറ്റ് തീ പടര്‍ന്നു പിടിക്കുന്നതിന് കാരണമായേക്കും. ന്യൂ സൗത്ത് വെയില്‍സില്‍ ഏഴ് ദിവസമായി അടിയന്തരാവസ്ഥ തുടരുകയാണ്. തീപിടുത്തം ഏറ്റവും രൂക്ഷമായ ഇവിടെ രണ്ടായിരത്തോളം അഗ്നിസുരക്ഷാ ജീവനക്കാരാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.
നൂറോളം ഇടങ്ങളിലാണ് തീപിടുത്തമുണ്ടായിരിക്കുന്നത്. സിഡ്‌നിയിലുണ്ടായ തീപിടുത്തം അണയ്‌ക്കുന്നതിനിടെ രണ്ട് അഗ്നിശമന സേനാംഗങ്ങള്‍ മരണപ്പെട്ടിരുന്നു. സേനാംഗങ്ങള്‍ സഞ്ചരിച്ചിരുന്ന വാഹനകത്തിന് മുകളിലേക്ക് തീപിടിച്ച മരം മറിഞ്ഞുവീണാണ് അപടകടമുണ്ടായത്. ഇരുവരും സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചിരുന്നു. തെക്കന്‍ ഓസ്‌ട്രേലിയയിലുണ്ടായ തീപിടുത്തത്തില്‍ ഒരാള്‍ മരിക്കുകയും പതിനഞ്ച് വീടുകള്‍ പൂര്‍ണമായി തകരുകയും ചെയ്‌തിട്ടുണ്ടെന്നും അധികാരികള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. തലസ്ഥാനമായ അഡ്‌ലൈഡില്‍ നിന്നും 40 കിലോമീറ്റര്‍ മാത്രം അകലെയുളള അഡ്‌ലൈഡ് മലനിരകളിലും തീപിടുത്തം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.