ബെയ്‌ജിങ്: കൊറോണ വൈറസിന്‍റെ ഉറവിടം കണ്ടെത്താന്‍ ഡബ്ല്യൂഎച്ച്ഒ വിദഗ്‌ധര്‍ ചൈനയില്‍. വിദേശകാര്യ മന്ത്രാലയ വക്താവ് ഹുവ ചുന്‍യിങാണ് ലോകാരോഗ്യ സംഘടനയിലെ രണ്ട് വിദഗ്‌ധര്‍ ചൈനയിലെത്തിയതായി സ്ഥിരീകരിച്ചത്. ഇരുവരും ചൈനീസ് ഗവേഷകരുമായും മെഡിക്കല്‍ വിദഗ്‌ധരുമായി ചര്‍ച്ച നടത്തുമെന്ന് വിദേശകാര്യ വക്താവ് മാധ്യമങ്ങളോടായി പറഞ്ഞു. എന്നാല്‍ ഡബ്ല്യൂഎച്ച്ഒ സംഘത്തിന്‍റെ യാത്രയുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. വിദഗ്‌ധര്‍ പരിശോധനയുടെ ഭാഗമായി വിവിധ രാജ്യങ്ങളിലും മേഖലകളിലും സന്ദര്‍ശിക്കുമെന്നും ഹുവ ചുന്‍യിങ് വ്യക്തമാക്കി. വൈറസിന്‍റെ ഉത്ഭവം കണ്ടെത്തുകയെന്നത് തുടര്‍ച്ചയായ പ്രക്രിയയിലൂടെ മാത്രമേ പുരോഗമിക്കുകയുള്ളുവെന്ന് ഡബ്ല്യൂഎച്ച്ഒ കരുതുന്നതായി വിദേശകാര്യ വക്താവ് കൂട്ടിച്ചേര്‍ത്തു. ചൈനയ്‌ക്ക് സമാനമായി പരിശോധനയുടെ ഭാഗമായി മറ്റ് രാജ്യങ്ങളിലും പ്രദേശങ്ങളിലും പരിശോധന വ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കൊറോണ വൈറസിന്‍റെ ഉറവിടം കണ്ടെത്തേണ്ടത് വളരെയധികം പ്രധാനമാണെന്ന് കഴിഞ്ഞ മാസം ഡബ്ല്യൂഎച്ച്ഒ ഡയറക്‌ടര്‍ ജനറല്‍ ടെഡ്രോസ് അദനോം ഗബ്രിയേസസ് പറഞ്ഞിരുന്നു. വൈറസിന്‍റെ ആവിര്‍ഭാവം ഉള്‍പ്പെടെ പൂര്‍ണമായി മനസിലാക്കിയാല്‍ കൊവിഡിനെതിരെ പൊരുതാമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. വുഹാനിലെ മാര്‍ക്കറ്റില്‍ നിന്നും കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് കൊവിഡ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്യുന്നത്. മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്ക് വൈറസ് പടര്‍ന്നതാണെന്നാണ് ശാസ്‌ത്രജ്ഞന്മാര്‍ അനുമാനിക്കുന്നത്.