ന്യൂഡൽഹി: ചൈനയിലെ സിൻജിയാങ് സ്വയംഭരണ പ്രദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന ഉൽപന്നങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്താനുള്ള യുഎസ് നീക്കം ഇന്ത്യൻ തുണി കയറ്റുമതിക്കാർക്ക് ഗുണം ചെയ്യുമെന്ന് ഐസിആർഎ. ഈ മേഖലയിൽ നിയമവിരുദ്ധമായി ജോലിചെയ്യുന്ന നിർബന്ധിത തൊഴിലാളികളെക്കുറിച്ചുള്ള ആശങ്കകളും യുഎസ് പങ്കുവെച്ചു.
ഹെയർ ഉൽപ്പന്നങ്ങളും കമ്പ്യൂട്ടർ ഭാഗങ്ങളും ഉൾപ്പെടെയുള്ളവ ഉൽപാദിപ്പിക്കുന്ന സ്ഥാപനങ്ങൾക്കൊപ്പം, വസ്ത്രങ്ങൾ നിർമിക്കുന്നതിലും പരുത്തി ഉത്പാദിപ്പിക്കുന്നതിനും സംസ്ക്കരിക്കുന്നതിനും ഏർപ്പെട്ടിരിക്കുന്ന മേഖലയിലെ ചില സ്ഥാപനങ്ങളും നിരോധന പട്ടികയിൽ ഉൾപ്പെടുന്നു.
ചൈനയുടെ പരുത്തി ഉൽപാദനത്തിന്‍റെ 80 മുതൽ 85 ശതമാനം വരെ കണക്കാക്കപ്പെടുന്ന ഒരു പ്രധാന മേഖലയാണ് സിൻജിയാങ്. ഇതിന് ഏർപ്പെടുത്തുന്ന നിയന്ത്രണം ആഗോള തുണിത്തര വ്യാപാരത്തിന് വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാൻ സാധ്യതയുണ്ട്. ചൈന മുൻനിര വസ്ത്ര കയറ്റുമതിക്കാരായതിനാൽ ആഗോള വ്യാപാരത്തിന്‍റെ 35 ശതമാനത്തിലധികവും ചൈനയുടെ പരുത്തിയുടെ മൂന്നിൽ നാല് ഭാഗവും സിൻജിയാങ് മേഖലയിൽ നിന്നാണ് ഉൽപാദ്പ്പിക്കുന്നത്. ഈ സാഹചര്യത്തിൽ ചൈനയ്ക്ക് ഏർപ്പെടുത്തുന്ന നിയന്ത്രണം ഇന്ത്യൻ തുണിവ്യാപാര മേഖലയിൽ നേട്ടം സൃഷ്ടിക്കുമെന്ന് ഐസിആർഎ വ്യക്തമാക്കി.