ദോഹ: കാബൂളില്‍ നിന്ന് പുറപ്പെട്ട അമേരിക്കന്‍ സൈനിക വിമാനത്തില്‍ മനുഷ്യ ശരീരത്തിന്‍റെ അവശിഷ്ടം കണ്ടെത്തി. യു.എസിലേക്ക് പുറപ്പെട്ട കാര്‍ഗോ വിമാനം അടിയന്തരമായി ഖത്തറിലെ അൽ-ഉദയ്‌ദ് വ്യോമത്താവളത്തിൽ ഇറക്കുകയായിരുന്നു. അവിടെ നടന്ന പരിശോധനയിലാണ് ഞെട്ടിക്കുന്ന ദൃശ്യം കണ്ടെത്തിയത്. വിമാനത്തിന്‍റെ ടയറില്‍ മനുഷ്യന്‍റെ ശരീരത്തിന്‍റെ വിവിധ ഭാഗങ്ങള്‍ ഒട്ടിപ്പിടിച്ചിരിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
കണ്ടെത്തലുകളുടെ വിശദവിവരം അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. എന്നാല്‍ അപകടത്തില്‍ നിരവധി പേര്‍ മരിച്ചുവെന്ന് യു.എസ് വ്യോമസേന സ്ഥിരീകരിച്ചു. പക്ഷേ എത്ര പേരാണ് അപകടത്തില്‍ പെട്ടതെന്ന് വിശദീകരണമില്ല.
വിമാന ദുരന്തം യു.എസ് അന്വേഷിക്കും
വിമാന ദുരന്തത്തെ കുറിച്ച് അന്വേഷിക്കാൻ വൈറ്റ് ഹൗസ് ഉത്തരവിട്ടു. പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചുവെന്ന് അമേരിക്കന്‍ വ്യോമസേന വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. അമേരിക്കന്‍ പൗരരെ ഒഴിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് സി -17 ഗ്ലോബ്‌മാസ്റ്റർ III കാര്‍ഗോ വിമാനം കാബൂള്‍ വിമാനത്താവളത്തിലെത്തിയത്. കാര്‍ഗോ ഇറക്കുന്നതിന് മുന്‍പേ സുരക്ഷ പരിധികൾ ലംഘിച്ച നൂറുകണക്കിന് അഫ്ഗാൻ പൗരന്മാർ വിമാനത്തെ വളഞ്ഞു. വിമാനത്തിന്‍റെ പുറത്ത് കയറി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് വിമാനം പറന്നുയര്‍ന്നത്. ഈ സമയം വിമാനത്തിന്‍റെ പുറത്ത് നിരവധി പേര്‍ ഉണ്ടായിരുന്നു. ഇവര്‍ താഴേക്ക് വീഴുകയായിരുന്നു.
Read more: അഫ്‌ഗാന്‍ പലായനം : കാബൂൾ വിമാനത്താവളത്തിൽ അഞ്ച് പേർ മരിച്ചതായി റിപ്പോര്‍ട്ട്