വാഷിങ്ടൺ: അഫ്‌ഗാനിലെ താലിബാൻ അധിനിവേശത്തിന് പിന്നാലെ രാജ്യത്ത് നിന്ന് പൂർണ സൈനിക പിന്മാറ്റത്തിനുള്ള ഉപദേശം അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡന് നൽകിയിരുന്നില്ലെന്ന് യുഎസ് ജോയിന്‍റ് ചീഫ് ഓഫ് സ്റ്റാഫ് ചെയര്‍മാന്‍ മാര്‍ക് മില്ലി പറഞ്ഞു. അഫ്‌ഗാനിസ്ഥാനിൽ ഏകദേശം 2500 സൈനികരെ നിലനിർത്താൻ പ്രസിഡന്‍റിനോട് ആവശ്യപ്പെട്ടിരുന്നുവെന്നും, എന്നാൽ ജോ ബൈഡൻ അതിനെ അംഗീകരിച്ചിരുന്നില്ലെന്നും യുഎസ് ഉന്നത സൈനിക ജനറൽമാർ വ്യക്തമാക്കി.
പൂർണ സൈനിക പിന്മാറ്റത്തിനുള്ള ജോ ബൈഡന്‍റെ തീരുമാനത്തിന് യുഎസ് ഉന്നത സൈനിക ജനറൽമാരുടെ വിമർശനം
യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്‌ഡ് ഓസ്റ്റിൻ, യുഎസ് ജോയിന്‍റ് ചീഫ് ഓഫ് സ്റ്റാഫ് ജനറൽ മാർക്ക് മില്ലി, യുഎസ് സെൻട്രൽ കമാൻഡർ ജൻ ഫ്രാങ്ക് മക്കെൻസി എന്നിവർ സെനറ്റ് കമ്മറ്റിക്ക് മുൻപിൽ വച്ച റിപ്പോർട്ടിലാണ് ബൈഡന്‍റെ തീരുമാനത്തിനെതിരെ വിമർശനം രേഖപ്പെടുത്തിയിട്ടുള്ളത്.
അമേരിക്കൻ സൈന്യം പിന്മാറുന്നുവെന്ന് ജോ ബൈഡൻ തീരുമാനമെടുത്തപ്പോൾ, അഫ്‌ഗാനിസ്ഥാനിൽ 2,500 അമേരിക്കൻ സൈനികരെ നിലനിർത്തേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് ശുപാർശ ചെയ്‌തിരുന്നുവെന്ന് റിപ്പോർട്ടിൽ അവർ വിശദീകരിച്ചു.
More Read: അഫ്‌ഗാനിൽ യുഎസ് ഡ്രോണുകൾ; താക്കീതുമായി താലിബാൻ
പ്രസിഡന്‍റിനോടുള്ള തന്‍റെ നിർദേശങ്ങൾ എപ്പോഴും രഹസ്യമായി സൂക്ഷിക്കുന്നുണ്ട്. എന്നാൽ വിഷയത്തിൽ ഒരു സമഗ്ര അവലോകനം ആവശ്യമാണ്. കൂടാതെ എല്ലാ കക്ഷികൾക്കും ഇതിൽ വിശദീകരണം നൽകാൻ അവസരമുണ്ടെന്നും ആ വിവരങ്ങളാണ് താൻ പങ്കുവക്കുന്നതെന്നും ജൻ ഫ്രാങ്ക് മക്കെൻസി പറഞ്ഞു.