ഇസ്‌ലാമാബാദ്: ലാഹോറിലെ ജോഹർ ടൗണിലെ ആശുപത്രിക്ക് സമീപം ഉണ്ടായ സ്ഫോടനത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. 17 പേർക്ക് പരിക്ക്. സ്ഫോടനത്തിൽ സമീപത്തെ വീടുകളുടെയും കെട്ടിടങ്ങളുടെയും ജനലുകൾ തകർന്നു.
സ്ഫോടനത്തിന്‍റെ കാരണം വ്യക്തമല്ല. സംഭവത്തെക്കുറിച്ച് ഐജിയോട് റിപ്പോർട്ട് തേടിയ പഞ്ചാബ് പ്രവിശ്യയുടെ മുഖ്യമന്ത്രി ഉസ്മാൻ ബുസ്‌ദാർ അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടു. സ്‌ഫോടനത്തിന് പിന്നിൽ പ്രവർത്തിച്ചവരെ ഉടൻ തന്നെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും പരിക്കേറ്റവർക്ക് വൈദ്യസഹായം നൽകുമെന്നും ബുസ്‌ദാർ പറഞ്ഞു.
Also Read: 'ഇനിയും വിസ്‌മയമാർ ഉണ്ടാകരുത്'; കുടുംബാംഗങ്ങളെ സന്ദർശിച്ച് കെകെ ശൈലജ
പൈപ്പ്‌ലൈൻ പൊട്ടിത്തെറിച്ചതാണോ സിലിണ്ടർ പൊട്ടിത്തെറിച്ചതാണോ സ്ഫോടനത്തിന് കാരണമെന്നതിൽ ഇതുവരെ വ്യക്തത വന്നിട്ടില്ലെന്ന് രക്ഷാപ്രവർത്തകർ പറഞ്ഞു. പൊലീസും ബോംബ് സ്ക്വാഡും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. എല്ലാ ആശുപത്രികളിലെയും അത്യാഹിത വാർഡുകൾ ജാഗ്രത പാലിക്കണമെന്ന് ലാഹോർ ഡെപ്യൂട്ടി കമ്മീഷണർ നിർദ്ദേശം നൽകി.