കാബൂൾ: അഫ്‌ഗാനിസ്ഥാനിൽ നടന്ന ബോംബാക്രമണങ്ങളിലും വെടിവയ്‌പ്പിലും മൂന്ന് പേർ കൊല്ലപ്പെട്ടു. വടക്കൻ കാബൂളിൽ നടന്ന കാർ ബോംബ് സ്‌ഫോടനത്തിൽ രണ്ട് പേർ കൊല്ലപ്പെടുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. കിഴക്കൻ കാബൂളിൽ ഓഫീസിലേക്ക് പോകുകയായിരുന്ന സർക്കാർ അഭിഭാഷകനെ വെടിവച്ചു കൊന്നു. ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല.
കഴിഞ്ഞ മാസങ്ങളിൽ കാബൂളിൽ നടന്ന ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പ് ഏറ്റെടുത്തിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഉൾപ്പെടെ നടന്ന ഭീകരാക്രമണങ്ങളിൽ 50ഓളം പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും വിദ്യാർഥികളായിരുന്നു. ഇതിനുമുമ്പ് ഐ.എസ് തീവ്രവാദികൾ കാബൂളിൽ നടത്തിയ ഷെല്ലാക്രമണത്തിൽ ഒരു സാധാരണക്കാരൻ കൊല്ലപ്പെടുകയും മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്‌തു.