ന്യൂഡൽഹി: പാകിസ്ഥാനും ഇറാനും തമ്മിലെ അതിർത്തി പ്രശ്‌നങ്ങൾ വഷളാകുന്നു. ഇരു രാജ്യങ്ങളുടെയും പൊതു അതിർത്തിയിൽ നടന്ന വെടിവയ്‌പിൽ രണ്ട് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. ഇത് സിസ്‌താൻ- ബലൂചിസ്ഥാൻ അതിർത്തിയിൽ വൻ പ്രതിഷേധത്തിനും വഴിവച്ചിരുന്നു. സംഭവത്തിൽ ഇടപെടലുകൾ നടന്ന് കൊണ്ടിരിക്കുകയാണെന്നാണ് ഇറാനിയൻ വിദേശകാര്യ മന്ത്രാലയ വക്താവ് സയീദ് ഖതിബ്‌സാദെ പറഞ്ഞത്.
നിലവിൽ ഇറാനുമായുള്ള 959 കിലോമീറ്റർ അതിർത്തി പ്രദേശം പാകിസ്ഥാൻ വേലി കെട്ടി തിരിച്ചുകൊണ്ടിരിക്കുകയാണ്. പണിയുടെ 40 ശതമാനത്തോളം പൂർത്തിയായതായും ഇനിയുള്ളത് ഈ വർഷം അവസാനത്തോടെ പൂർത്തീകരിക്കുമെന്നും രാജ്യത്തെ ആഭ്യന്തര മന്ത്രി ഷെയ്ഖ് റാഷിദ് അഹമ്മദ് പറഞ്ഞു. അതിർത്തികളിൽ കള്ളക്കടത്തടക്കമുള്ള പ്രവൃത്തികൾ നടക്കുന്നതും പുതുമയല്ല.