കാബൂൾ: യുഎസുമായി സമാധാനക്കരാർ ഒപ്പിടുകയാണെങ്കിൽ അഫ്‌ഗാനിസ്ഥാനിലെ ആക്രമണങ്ങൾ കുറയ്‌ക്കാൻ തയ്യാറാണെന്ന് താലിബാൻ. പ്രധാനനഗരങ്ങളിലെ ചാവേർ ആക്രമണം, പ്രധാന ഹൈവേകളിലെ തടസപ്പെടുത്തൽ എന്നിവയിൽ നിന്നും പിന്മാറാൻ തയ്യാറാണെന്ന് താലിബാൻ അറിയിച്ചു.
വെടിനിർത്തലിന് സമ്മതിക്കില്ലെന്നും കരാറുമായി ബന്ധപ്പെട്ട് മറ്റ് ആക്രമണങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്താൻ തയ്യാറാണെന്നും, മറ്റ് പ്രഖ്യാപനങ്ങൾ താലിബാൻ നേതാവ് നടത്തുമെന്നും മുൻ താലിബാൻ അംഗം മൗലാനാ ജലാലുദ്ദീൻ ഷിൻവാരി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് യുഎസ്, താലിബാൻ പ്രതിനിധികൾ ഉടൻ കൂടിക്കാഴ്‌ച നടത്തും.
താലിബാൻ നടത്തിയ കാർബോംബ് ആക്രമണത്തിൽ അമേരിക്കൻ സൈനികർ ഉൾപ്പെടെ 10 പേർ കാബൂളിൽ മരിച്ച സംഭവത്തിന് പരിഹാരം കാണാനായി യുഎസും താലിബാനും 2018 ഒക്‌ടോബറിൽ ദോഹയിൽ ചർച്ചകൾ ആരംഭിച്ചിരുന്നു. ഡിസംബറിൽ ബാഗ്രാമിലെ പ്രധാന യുഎസ് സൈനിക താവളത്തെ ലക്ഷ്യമാക്കി നടത്തിയ ട്രക്ക് ബോംബ് ആക്രമണത്തെതുടർന്ന് ചർച്ച നിർത്തിവെച്ചു. ആക്രമണത്തിൽ തീവ്രവാദികൾ ഉൾപ്പെടെ എട്ട് പേർ മരിക്കുകയും എഴുപതോളം സാധാരണക്കാർക്ക് പരിക്കേൽക്കുകയും ചെയ്‌തു.