കാബൂൾ : ഗർഭിണിയായ പൊലീസ് ഉദ്യോഗസ്ഥയെ വീട്ടിൽ കയറി വെടിവച്ച് കൊലപ്പെടുത്തിയത് തങ്ങളല്ലെന്ന് താലിബാന്‍. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് ഉദ്യോഗസ്ഥയുടെ കൊലപാതകം വ്യക്തിവൈരാഗ്യമോ മറ്റോ മൂലം ആരെങ്കിലും ചെയ്‌തതാകാമെന്നും താലിബാൻ വക്താവ് സബിയുള്ള മുജാഹിദ് പറഞ്ഞു. മുൻ ഭരണത്തില്‍ രാജ്യത്ത് ജോലി ചെയ്തിരുന്ന ആളുകൾക്ക് താലിബാൻ ഇതിനകം പൊതുമാപ്പ് നൽകിയതാണെന്നും വക്താവ് അവകാശപ്പെട്ടു.
അഫ്‌ഗാനിലെ ഘോർ നഗരത്തിൽ നിന്നുള്ള പൊലീസ് ഉദ്യോഗസ്ഥയായ ബാനു നെഗറിനെ ശനിയാഴ്ചയാണ് താലിബാൻ തീവ്രവാദികൾ വീട്ടിൽ കയറി കൊലപ്പെടുത്തിയത്. പ്രദേശത്തെ ജയിലിന്‍റെ സുരക്ഷ ചുമതലയുള്ള ഉദ്യോഗസ്ഥയായിരുന്നു ബാനു നെഗർ.
Also Read: നിപ : ഉറവിടം കണ്ടെത്താന്‍ ഊര്‍ജിതനീക്കം, പ്രതിരോധമൊരുക്കാന്‍ ഇത് നിര്‍ണായകം
ഘോർ പ്രവിശ്യയുടെ തലസ്ഥാനമായ ഫിറോസ്കോയിലെ വീട്ടിൽ അതിക്രമിച്ച് കയറി,എട്ട് മാസം ഗർഭിണിയായ ബാനു നെഗറിനെ ഭർത്താവും കുട്ടികളും നോക്കിനിൽക്കെ തീവ്രവാദികൾ കൊലപ്പെടുത്തുകയായിരുന്നു.
തോക്കുധാരികളായ മൂന്ന് പേർ ശനിയാഴ്ച വീട്ടിലെത്തി കുടുംബാംഗങ്ങളെ ബന്ധികളാക്കി നെഗറിനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. തലയ്ക്ക് വെടിവച്ച് മരണം ഉറപ്പാക്കിയശേഷം നെഗറിന്‍റെ മുഖം വികൃതമാക്കിയെന്നും ബന്ധുക്കൾ ആരോപിക്കുന്നു.