ന്യൂഡല്‍ഹി: പഞ്ച്ഷിർ താഴ്വരയെ ആക്രമിക്കാനൊരുങ്ങി താലിബാൻ. താലിബാൻ പഞ്ച്ഷിറിന് കീഴടങ്ങാൻ നാല് മണിക്കൂർ സമയം അനുവദിച്ചിട്ടുണ്ട്. നിശ്ചിത സമയത്തിനുള്ളിൽ കീഴടങ്ങിയില്ലെങ്കിൽ പഞ്ച്ഷിറിന് നേരെ ആക്രമണം അഴിച്ചുവിടാനാണ് താലിബാന്‍റെ പദ്ധതിയെന്ന് ഇന്ത്യയിലെ അഫ്‌ഗാൻ രാഷ്ട്രീയ-സിവിൽ ആക്ടിവിസ്റ്റ് നിസാർ അഹ്‌മദ് ഷെർസായ് ശബ്ദ സന്ദേശത്തിൽ പറയുന്നു.
പഞ്ച്ഷിറിന്‍റെ ഭൂപ്രകൃതിയുടെ പ്രത്യേകതയും അതിന്‍റെ സ്വാഭാവിക പ്രതിരോധ സംവിധാനവും കാരണം താലിബാന്‍റെ വിജയസാധ്യത വിദൂരത്താണെന്നും ശബ്ദ സന്ദേശത്തിൽ ഷെർസായ് പറയുന്നു. 1990കളിലും താലിബാൻ പഞ്ച്ഷിറിനെ ആക്രമിച്ചിരുന്നു. പക്ഷേ പരാജയപ്പെടുകയാണുണ്ടായത്.
പഞ്ച്ഷിർ; പ്രതിരോധത്തിന്‍റെ കേന്ദ്രബിന്ദു
വടക്കൻ സഖ്യ അംഗങ്ങളും താലിബാൻ വിരുദ്ധ നേതാക്കളും ചേർന്നതാണ് പഞ്ച്ഷിർ സഖ്യം. പ്രതിരോധത്തിന്‍റെ മറ്റൊരു പേരാണ് അഫ്‌ഗാനിലെ 34 പ്രവിശ്യകളിലൊന്നായ കാബൂൾ നഗരത്തിന് 70 മൈൽ വടക്കായി സ്ഥിതിചെയ്യുന്ന പഞ്ച്ഷിർ താഴ്‌വര.
പർവതനിരകളാൽ ചുറ്റപ്പെട്ട പഞ്ച്‌ഷീർ ആഴമേറിയ നദികളാലും മലഞ്ചെരുവുകളാലും മഞ്ഞുമൂടിയ കൊടുമുടികളാലും സമൃദ്ധമാണ്. പഞ്ച്‌ഷീർ താഴ്‌വരയിലുള്ള മലനിരകളിലെ ഇടുങ്ങിയ വഴികളിലൂടെ മാത്രമേ പുറത്തുനിന്നുള്ളവർക്ക് പഞ്ച്ഷറിലേക്ക് എത്താനാകു. ഇത് ഒരു കോട്ടപോലെ പഞ്ച്ഷറിനെ പൊതിഞ്ഞ് പിടിക്കുന്നുണ്ട്. കൂടാതെ ഇവിടത്തെ കടുപ്പമേറിയ ഭൂപ്രദേശവും പരുക്കൻ ഭൂമിയും ഗറില്ലാ യുദ്ധത്തിൽ മികവ് പുലർത്തിയിരുന്ന പ്രാദേശികരെയും സൃഷ്ടിച്ചിട്ടുണ്ട്. 'ഹിറ്റ് ആൻഡ് റൺ' തന്ത്രങ്ങൾ പയറ്റാനും, പതിയിരുന്ന് ആക്രമണം നടത്താനും, ഒളിച്ചിരിക്കാനും ശത്രുവിനെ കാത്തിരിക്കാനുമുള്ള സ്ഥലങ്ങളിലേക്ക് ഓടാനും പഞ്ച്ഷിറിന്‍റെ ഭൂപ്രദേശം അനുയോജ്യമാണ്.
Also Read: ആർക്കും കീഴടങ്ങാത്ത അഞ്ച് സിംഹങ്ങളുടെ താഴ്‌വര, 'പഞ്ച്ഷിർ'
അഫ്‌ഗാനിൽ പേർഷ്യൻ ദാരി ഭാഷ സംസാരിക്കുന്നവർ ഏറ്റവും കൂടുതൽ തിങ്ങിപ്പാർക്കുന്ന മേഖലയാണ് എന്നതാണ് പഞ്ച്ഷിറിനെ പ്രതിരോധത്തിന്‍റെ കേന്ദ്രബിന്ദു ആക്കുന്നത്.