ജക്കാർത്ത: ഇന്തോനേഷ്യയില്‍ ഓശാന ഞായർ പ്രാർഥന ചടങ്ങുകൾക്കിടെ ചാവേർ ആക്രമണം. ആക്രമണത്തില്‍ നിരവധി പേർക്ക് പരിക്കേറ്റു. ഇന്തോനേഷ്യയിലെ സുലേവേസി ദ്വീപിലാണ് ആക്രമണമുണ്ടായത്. ദക്ഷിണ സുലവേസി പ്രവിശ്യയുടെ തലസ്ഥാനമായ മകാസറിലെ സേക്രഡ് ഹാർട്ട് ഓഫ് ജീസസ് കത്തീഡ്രലിന്‍റെ ഗേറ്റിൽ പാർക്ക് ചെയ്‌തിരുന്ന മോട്ടോർ ബൈക്കാണ് പൊട്ടിത്തെറിച്ചത്. രാവിലെ 10.30 ഓടെയാണ് ബോംബ് പൊട്ടിത്തെറിച്ചതെന്ന് കത്തോലിക്കാ പുരോഹിതൻ വിൽഹെൽമസ് തുലക് പറഞ്ഞു.
പള്ളിയിൽ കയറാൻ ശ്രമിച്ച രണ്ട് പേരെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് സംശയം തോന്നിയതിനെ തുടർന്ന് തടഞ്ഞു. ഇരുവരും ചാവേറുകളായിരുന്നുവെന്നും തുലക് പറഞ്ഞു. പള്ളിയിൽ പ്രാര്‍ഥനയില്‍ പങ്കെടുക്കുന്നവരിൽ ആരും അപായപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ ഇല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു ചാവേർ കൊല്ലപ്പെട്ടെന്നും നാല് സുരക്ഷാ ഉദ്യോഗസ്ഥർക്കും അഞ്ച് പ്രദേശവാസികൾക്കും പരിക്കേറ്റെന്നുമാണ് റിപ്പോർട്ട്. ഇന്തോനേഷ്യയിൽ തീവ്രവാദി ആക്രമണങ്ങൾ വർധിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.