കാബൂൾ: അഫ്‌ഗാൻ രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ ബേസ് ക്യാമ്പിലുണ്ടായ ചാവേർ ബോംബാക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. മോഷ്‌ടിക്കപ്പെട്ട സൈനിക ഹംവി ഉപയോഗിച്ചാണ് കിഴക്കൻ അഫ്‌ഗാനിസ്ഥാനിൽ ചാവേർ ആക്രമണം നടന്നത്. 40 പേർക്ക് ആക്രമണത്തിൽ പരിക്കേറ്റെന്നും ചിലരുടെ ആരോഗ്യനില ഗുരുതരമാണെന്നും ഔദ്യോഗിക വക്താവ് പറഞ്ഞു.
താലിബാൻ സജീവമായുള്ള പ്രദേശമാണ് ഇതെന്നും എന്നാൽ ആരും ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അഫ്ഗാൻ പ്രസിഡന്‍റ് അഷ്‌റഫ് ഘാനിയും രാഷ്ട്രീയ എതിരാളിയായ അബ്ദുല്ല അബ്ദുല്ലയും അധികാരം പങ്കിടാമെന്ന കരാറിൽ ഒപ്പുവെച്ചതിന് പിന്നാലെയാണ് ആക്രമണം.