കൊളംമ്പോ: ശ്രീലങ്കന്‍ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ ഇന്ന് രാജി കത്ത് സമര്‍പ്പിക്കും.ഇന്ന് നാലിന് ചേരുന്ന പ്രത്യേക മന്ത്രിസഭ യോഗത്തില്‍ റനില്‍ വിക്രമസിംഗെ രാജി പ്രഖ്യാപിക്കും.പുതുതായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്‍റ് ഗോതബയ രജപക്സെയാണ് പുതിയ മന്ത്രിസഭ രൂപീകരിക്കുക.
പുതിയ മന്ത്രിസഭയില്‍ പതിനഞ്ച് അംഗങ്ങളുണ്ടാകുമെന്നാണ് സൂചന. പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ രാജപക്സെയെ പിന്‍തുണച്ച പാര്‍ട്ടി നേതാക്കന്മാര്‍ക്കാകും മന്ത്രിസഭയില്‍ കൂടുതല്‍ പരിഗണന. നിലവില്‍ ഇടക്കാല മന്ത്രിസഭ രൂപീകരിക്കാനാണ് തീരുമാനം.
യുണൈറ്റഡ് നാഷണല്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി സജിത് പ്രേമദാസയെ 13 ലക്ഷത്തോളം വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് മുന്‍ പ്രതിരോധ സെക്രട്ടറിയും പൊതുജന പെരുമ പാര്‍ട്ടി സ്ഥാനാര്‍ഥിയുമായ ഗോതബയ രാജപക്സെ വിജയിച്ചത്. രജപക്സെ കുടുംബത്തില്‍ നിന്ന് രണ്ടാംതവണയാണ് ഒരാള്‍ പ്രസിഡന്‍റ് പദവി വഹിക്കുന്നത് .2005 മുതല്‍ 2015 വരെ മുതിർന്ന സഹോദരന്‍ മഹീന്ദ്ര രജപക്സെയാണ് പ്രസിഡന്‍റ് പദവി വഹിച്ചത്.