മോസ്‌കോ: യുക്രൈൻ അതിര്‍ത്തിയില്‍ നിന്നും റഷ്യന്‍ സേനയുടെ ഒരു വിഭാഗത്തെ പിന്‍വലിച്ചു. റഷ്യ ഉക്രൈനെ എപ്പോള്‍ വേണമെങ്കിലും ആക്രമിക്കുമെന്ന പാശ്ചാത്യരാജ്യങ്ങളുടെ ആശങ്കയ്‌ക്കിടെയാണ് റഷ്യന്‍ സേനയുടെ പിന്മാറ്റം. എന്നാല്‍ റഷ്യ യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും പാശ്ചാത്യ രാജ്യങ്ങളുമായി ചര്‍ച്ചയ്‌ക്ക് തയ്യാറാണെന്നും പ്രസിഡന്‍റ് വ്‌ളാദ്മിർ പുടിൻ പറഞ്ഞു. റഷ്യയുടെ തെക്ക്-പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ 130,000ഓളം സൈനികരെയാണ് വിന്യസിച്ചിരുന്നത്.
റഷ്യ, യുക്രൈനെ ആക്രമിച്ചാൽ യൂറോപ്പിലേക്കുള്ള വാതക പൈപ്പ്‌ലൈന്‍ പദ്ധതിക്ക് ഉപരോധം ഏർപ്പെടുത്തുമെന്ന് പാശ്ചാത്യ രാജ്യങ്ങൾ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതേതുടര്‍ന്നാണ് പുടിന്‍റെ നിലപാടെന്ന് രാഷ്‌ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.
ഉക്രൈനെയും മറ്റ് മുൻ സോവിയറ്റ് രാജ്യങ്ങളെയും നാറ്റോയിൽ നിന്ന് മാറ്റിനിർത്താനും റഷ്യൻ അതിർത്തിക്ക് സമീപമുള്ള ആയുധ വിന്യാസം നിർത്താനും കിഴക്കൻ യൂറോപ്പിൽ നിന്ന് സഖ്യസേനയെ പിൻവലിക്കാനും റഷ്യ ആവശ്യപ്പെട്ടിരുന്നു. ഇത് യു.എസും നാറ്റോയും നിരസിച്ചു.