ബെയ്‌ജിങ്: മൂന്ന് വയസ് മുതൽ ഏഴ് വയസ് വരെയുള്ള കുട്ടികളിൽ സിനോവാക് കൊവിഡ് വാക്‌സിൻ ഫലപ്രദമെന്ന് സിനോവാക് മെഡിക്കൽ ഡയറക്‌ടർ ജെങ് സെങ്. 550ലധികം പേരിൽ നടത്തിയ പരീക്ഷണങ്ങളിൽ നിന്നാണ് ഫലം ലഭിച്ചതെന്നും അദ്ദേഹം അറിയിച്ചു. അതേ സമയം ചൈനയിൽ മുതിർന്നവർക്ക് വാക്‌സിനേഷന് അനുമതി നൽകിയിട്ടുണ്ട്. എന്നാൽ ഇത് കുട്ടികളിൽ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് പരീക്ഷണം നടത്തേണ്ടതുണ്ടായിരുന്നു.
ചൈനയടക്കമുള്ള നിരവധി രാജ്യങ്ങളിൽ ഇതിനോടകം കൊവിഡ് വാക്‌സിൻ വിതരണം ചെയ്തു കഴിഞ്ഞു. പരീക്ഷണത്തിനിടയിൽ മൂന്ന് വയസും ആറ് വയസും ഉള്ള രണ്ട് കുട്ടികൾക്ക് കടുത്ത പനി അനുഭവപ്പെട്ടിരുന്നതായും മറ്റുള്ളവർക്ക് ചെറിയ ലക്ഷണങ്ങൾ അനുഭവപ്പെട്ടിരുന്നതായും ജെങ് സെങ് പറഞ്ഞു. സിനോഫാം രണ്ട് കൊവിഡ് വാക്‌സിനുകൾ കുട്ടികളിൽ ഫലപ്രദമാണോ എന്ന് പരീക്ഷിക്കുകയാണെന്നും റെഗുലേറ്റർമാർക്ക് ക്ലിനിക്കൽ ഡേറ്റ സമർപ്പിച്ചതായും ജനുവരിയിൽ പറഞ്ഞിരുന്നു. എന്നാൽ ഏത് വാക്‌സിനാണ് നൽകിയതെന്ന് വെളിപ്പെടുത്തിയിട്ടില്ലായിരുന്നു.