ടോക്കിയോ: ജപ്പാനിലെ പുതിയ പ്രധാനമന്ത്രിയായി യോഷിഹിഡെ സുഗ അധികാരമേറ്റതോടെ മുൻ ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ അബെയുടെ മുഴുവൻ മന്ത്രിസഭയും രാജി സമർപ്പിച്ചു. ലിബറൽ ഡെമോക്രാറ്റിക് പാർട്ടിയുടെ പുതിയ നേതാവ് യോഷിഹിഡെ സുഗ ബുധനാഴ്ച ജപ്പാൻ പ്രധാനമന്ത്രിയായി അധികാരമേൽക്കാൻ ഒരുങ്ങുകയാണ്. നേരത്തെ നടന്ന വോട്ടെടുപ്പിൽ സുഗ 377 വോട്ടും മുൻ വിദേശകാര്യ മന്ത്രി ഫ്യൂമിയോ കിഷിദ 89 വോട്ടും മുൻ പ്രതിരോധ മന്ത്രി ഷിഗെരു ഇഷിബ 68 വോട്ടും നേടി. ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയിലെ പണപ്പെരുപ്പത്തെ തകർക്കുന്നതിനും വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള പണ ലഘൂകരണവും ധനപരമായ ഉത്തേജനവും ഉൾപ്പെടെയുള്ള നടപടികളുടെ സമ്മിശ്രമായ 'അബെനോമിക്സ്' ഉൾപ്പെടെയുള്ള അബെയുടെ നയങ്ങളുമായി മുന്നോട്ട് പോകാമെന്ന് സുഗ പ്രതിജ്ഞ ചെയ്തതായി ഒരു വിദേശ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. മോശം ആരോഗ്യം ചൂണ്ടിക്കാട്ടി ഓഗസ്റ്റ് 28 ന് ഷിൻസോ അബെ സ്ഥാനമൊഴിയാനുള്ള തീരുമാനം പ്രഖ്യാപിച്ചിരുന്നു. കൊറോണ വ്യാപനത്തിന്‍റെ ഗുരുതര പ്രതിസന്ധിയ്ക്കിടെ രാജി വെക്കേണ്ടി വന്ന ആബെയുടെ ജനക്ഷേമപരമായ ഭരണനയങ്ങള്‍ പിന്തുടരാനാഗ്രഹിക്കുന്നതായി, നേതൃത്വമേറ്റെടുത്ത ആബെയുടെ അടുത്ത സുഹൃത്ത് കൂടിയായ യോഷിഹിതെ സുഗ പറഞ്ഞു. അതേസമയം മുഖ്യ ക്യാബിനറ്റ് സെക്രട്ടറി എന്ന നിലയില്‍ രാജ്യത്തിനും ജനങ്ങള്‍ക്കുമായി മികച്ച പ്രകടനമാണ് കാഴ്ച വെച്ചതെന്നും കഠിനപ്രയത്‌നിയാണ് സുഗയെന്നും ആബെ പറഞ്ഞു. സുഗയുടെ നേതൃത്വത്തില്‍ കൊവിഡ് പ്രതിസന്ധി മറികടക്കാന്‍ ജപ്പാന് സാധിക്കുമെന്ന പ്രത്യാശയും ആബെ പ്രകടിപ്പിച്ചു.
എന്നാല്‍ പ്രധാനമന്ത്രിയാകുന്ന സുഗയെ കാത്ത് നിരവധി പ്രതിസന്ധികളാണ് നിലവിലുള്ളത്. ആബെ നടപ്പിലാക്കിയ സാമ്പത്തിക നയങ്ങള്‍ ആദ്യഘട്ടത്തില്‍ വിജയകരമായിരുന്നെങ്കിലും ഇപ്പോള്‍ സമ്പദ്ഘടന മാന്ദ്യത്തിലാണ്. കൊവിഡ് പശ്ചാത്തലത്തില്‍ മാറ്റി വെച്ച ഒളിംപിക്‌സ് നടത്തിപ്പിനെ കുറിച്ച് പുതിയ പദ്ധതി തയ്യാറാക്കേണ്ടതും സുഗയുടെ ഉത്തരവാദിത്തമാകും. ചൈന- യുഎസ് സംഘര്‍ഷം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ യുഎസുമായുള്ള നയതന്ത്രബന്ധം സൗഹാര്‍ദപരമായി മുന്നോട്ടു കൊണ്ടു പോകാനും സുഗ കഠിനാധ്വാനം ചെയ്യേണ്ടി വരുമെന്ന് രാഷ്ട്രീയവിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.