കാബൂൾ: അഫ്ഗാനിസ്ഥാനിൽ വടക്കുകിഴക്കൻ ബദാക്ഷൻ പ്രവിശ്യയിലും കാബൂളിലുമുണ്ടായ രണ്ട് വ്യത്യസ്ത തീവ്രവാദ ആക്രമണങ്ങളിൽ 14 അഫ്ഗാൻ സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു.ഖാഷ് ജില്ലയിലെ ചെക്ക് പോസ്റ്റുകൾക്ക് നേരെയുണ്ടായ ആക്രമണത്തെ തുടർന്നെത്തിയ സുരക്ഷാ വാഹനം ബോംബ് സ്‌ഫോടനത്തിൽ പൊട്ടിത്തെറിച്ചാണ് ബദാക്ഷനിൽ 11 ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലിൽ നാല് തീവ്രവാദികളും കൊല്ലപ്പെട്ടു.
കാബൂളിലെ ഗുൽദാര ജില്ലയിൽ ഒരു മണിക്കൂർ നീണ്ടുനിന്ന ഏറ്റുമുട്ടലിനെ തുടർന്നാണ് മൂന്ന് പൊലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടതെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് താരിഖ് ഏരിയൻ അറിയിച്ചു. ആരും ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ലെങ്കിലും ആക്രമണത്തിന് പിന്നിൽ താലിബാനാണെന്ന് അഫ്ഗാൻ ഔദ്യോഗിക വക്താക്കൾ അറിയിച്ചു.തെക്കൻ സാബൂൾ പ്രവിശ്യയിൽ പത്ത് പൊലീസുകാർ കൊല്ലപ്പെട്ട ആക്രമണത്തിന്‍റെ ഉത്തരവാദിത്തം താലിബാൻ ഏറ്റെടുത്തിരുന്നു.
അതേസമയം കഴിഞ്ഞ ഒരു മാസം പ്രഖ്യാപിച്ച വെടിനിർത്തൽ കരാർ ലംഘിച്ച് വെള്ളിയാഴ്ച യുഎസ് സൈന്യം താലിബാനെതിരെ രണ്ട് വ്യോമാക്രമണങ്ങൾ നടത്തിയിരുന്നു. ഫെബ്രുവരിയിലായിരുന്നു യുഎസ്-താലിബാൻ സമാധാന കരാറിൽ ഇരുവിഭാഗങ്ങളും ഒപ്പുവെച്ചത്.