റിയാദ്: ബ്രിട്ടനില്‍ കണ്ടെത്തിയ ജനിതകമാറ്റം വന്ന കൊവിഡ് വൈറസ് അതിവേഗം പടരുന്ന സാഹചര്യത്തില്‍ സൗദി അറേബ്യ ഒരാഴ്‌ചത്തേക്ക് അതിര്‍ത്തികള്‍ അടച്ചു. എല്ലാ വിദേശ വിമാന സര്‍വിസുകളും റദ്ദാക്കി. കടല്‍മാര്‍ഗവും കരമാര്‍ഗവും രാജ്യത്തേക്കുള്ള യാത്രക്കാരുടെ പ്രവേശനവും വിലക്കിയിട്ടുണ്ട്. ആരോഗ്യമന്ത്രാലയത്തിൻ്റെ നിര്‍ദേശങ്ങള്‍ കണക്കിലെടുത്ത് ആവശ്യമെങ്കില്‍ യാത്രാനിരോധനം തുടരുമെന്നും സൗദി ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. നിലവില്‍ സൗദിയിലുളള വിമാനങ്ങള്‍ക്ക് നിരോധനം ബാധകമാവില്ല. ഈ വിമാനങ്ങള്‍ക്ക് മടങ്ങാന്‍ അനുമതിയും നല്‍കിയിട്ടുണ്ട്.
നിരവധി രാജ്യങ്ങളില്‍ കൊവിഡിൻ്റെ പുതിയ വകഭേദം കണ്ടെത്തിയതിൻ്റെ പശ്ചാത്തലത്തില്‍, പൊതുജനാരോഗ്യവും സുരക്ഷയും കണക്കിലെടുത്താണ് നടപടിയെന്ന് സൗദി അറേബ്യ പ്രസ്‌താവനയില്‍ അറിയിച്ചു. വിദേശരാജ്യങ്ങളില്‍ നിന്ന് സൗദിയില്‍ മടങ്ങിയെത്തുന്നവര്‍ രണ്ടാഴ്‌ചത്തേക്ക് ഹോം ഐസൊലേഷനില്‍ പോകണമെന്നും ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്. ഇതിനിടയില്‍ അഞ്ചുദിവസങ്ങളുടെ ഇടവേളയില്‍ കൊവിഡ് പരിശോധന തുടര്‍ച്ചയായി നടത്തുകയും വേണം.
സൗദിക്ക് പുറമേ വൈറസിൻ്റെ വകഭേദം കണ്ടെത്തിയ ബ്രിട്ടണില്‍ നിന്നുളള വിമാന സര്‍വിസുകള്‍ക്ക് കുവൈത്തും വിലക്ക് ഏര്‍പ്പെടുത്തി. വൈറസിൻ്റെ പുതിയ വകഭേദം കണ്ടെത്തിയെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണാണ് അറിയിച്ചത്. ആദ്യവൈറസിനെക്കാള്‍ 70 ശതമാനമധികം വേഗത്തില്‍ പടര്‍ന്നുപിടിക്കുന്നതാണ് പുതിയ വൈറസെന്ന് ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. നിലവില്‍ അംഗീകാരം നല്‍കിയ വാക്‌സിനുകള്‍ പുതിയ വൈറസിനും ഫലപ്രദമാണോയെന്നും സ്ഥിരീകരിക്കേണ്ടതുണ്ട്. സമാനസ്വഭാവമുള്ള വൈറസിൻ്റെ സാന്നിധ്യം ഓസ്‌ട്രേലിയയിലും ഡെന്‍മാര്‍ക്കിലും നെതര്‍ലാന്‍ഡ്‌സിലും പടരുന്നുണ്ടെന്ന് ലോകാരോഗ്യസംഘടനയും (ഡബ്ല്യു.എച്ച്.ഒ.) അറിയിച്ചു.