സിയോള്‍: ദക്ഷിണ കൊറിയയില്‍ ആസ്‌ട്രാസെനിക്ക വാക്‌സിന്‍ വിതരണം പുനരാരംഭിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാൻ യോഗം ചേരും. 60 വയസും അതിന് താഴെയുള്ളവര്‍ക്കും ആസ്‌ട്രാസെനിക്ക വാക്‌സിന്‍ നല്‍കുന്നത് സംബന്ധിച്ച് വാരാന്ത്യത്തോടെ തീരുമാനമെടുക്കുമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി. ആസ്ട്രാസെനിക്ക വാക്‌സിന്‍ സ്വീകരിച്ചവരില്‍ രക്തം കട്ടപിടിക്കുന്നതിന് സാധ്യത ചൂണ്ടിക്കാട്ടി രാജ്യത്ത് വാക്‌സിന്‍ വിതരണം നിര്‍ത്തി വച്ചിരുന്നു. വാക്‌സിന്‍ നല്‍കുന്നത് മൂലമുള്ള അപകട സാധ്യതകളും, രക്തം കട്ടപിടിച്ചുവെന്ന് പറയപ്പെടുന്ന കേസുകളും വിദഗ്‌ധ സമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന യോഗത്തില്‍ വിലയിരുത്തപ്പെടും.
രക്തം കട്ടപിടിക്കുന്നതിനുള്ള സാധ്യതയുണ്ടെങ്കിലും ആസ്‌ട്രാസെനിക്ക വാക്‌സിന്‍ സ്വീകരിക്കുന്നതിലൂടെ ലഭിക്കുന്ന നേട്ടങ്ങള്‍ ഭൂരിഭാഗം ആളുകളുടെയും അപകട സാധ്യതയെ മറികടക്കുന്നതായി യൂറോപ്യന്‍ മെഡിക്കല്‍ ഏജന്‍സിയെ ഉദ്ദരിച്ച് കൊറിയ ഡിസീസ് കണ്‍ട്രോള്‍ ആന്‍റ് പ്രിവന്‍ഷന്‍ ഏജന്‍സി അഭിപ്രായപ്പെട്ടിരുന്നു.
ദക്ഷിണ കൊറിയയുടെ മാസ് ഇമ്മ്യൂണൈസേഷന്‍ ക്യാമ്പയിനില്‍ പ്രധാനമായും ആസ്‌ട്രാസെനിക്ക വാക്‌സിനുകളാണ് നല്‍കുന്നത്. രാജ്യത്ത് ഇതുവരെ ഒരു മില്ല്യണോളം വാക്‌സിന്‍ വിതരണം ചെയ്‌തു കഴിഞ്ഞു. അറുപത് വയസും അതിന് താഴെയുമുള്ള ആശുപത്രി ജീവനക്കാര്‍ക്കും, എമര്‍ജന്‍സി ജീവനക്കാര്‍ക്കും, ദീര്‍ഘ നാളായി ചികിത്സയില്‍ കഴിയുന്നവര്‍ക്കുമാണ് ദക്ഷിണ കൊറിയയില്‍ വാക്‌സിന്‍ നല്‍കിയിരുന്നത്.