സിയോൾ: ദക്ഷിണ കൊറിയയിൽ ഇന്നലെ മാത്രം സ്ഥിരീകരിച്ചത് 376 കൊവിഡ് 19 കേസുകൾ. ഇതോടെ രാജ്യത്ത് ആകെ വൈറസ് ബാധിച്ചവരുടെ എണ്ണം 3,526 ആയി. ചൈനക്ക് പുറത്ത് ഏറ്റവും കൂടുതൽ കൊവിഡ് 19 ബാധ സ്ഥിരീകരിച്ച രാജ്യമാണ് ദക്ഷിണ കൊറിയ. പുതിയ കേസുകളിൽ 90 ശതമാനവും കണ്ടെത്തിയിരിക്കുന്നത് ദക്ഷിണ കൊറിയൻ നഗരമായ ഡേഗുവിലും നോർത്ത് ജിയോങ്‌സാങ് പ്രവിശ്യയിലുമാണെന്ന് കൊറിയ സെന്‍റര്‍ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ ഇറക്കിയ പ്രസ്താവനയിൽ പറയുന്നു.
ദക്ഷിണ കൊറിയയിലെ നാലാമത്തെ വലിയ നഗരമാണ് ഡേഗു. 2.5 ദശലക്ഷമാളുകളാണ് ഇവിടെയുള്ളത്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും പനിയോ മറ്റ് ശ്വാസകോശ സംബന്ധമായ അസുഖങ്ങളോ ഉള്ളവർ വീടുകളിർ നിന്നും പുറത്തിറങ്ങരുതെന്നും അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. അതെ സമയം, വൈറസ് ആദ്യമായി കണ്ടെത്തിയ മധ്യ ചൈനീസ് നഗരമായ വുഹാനിലെ പേലെ ജനങ്ങളെ തടവിൽ പാർപ്പിക്കുന്ന തരത്തിലുള്ള അവസ്ഥ പ്രദേശത്ത് നിലനിൽക്കുന്നില്ലെന്ന് അധികൃതർ വ്യക്തമാക്കി.
ദക്ഷിണ കൊറിയയിൽ രാജ്യവ്യാപകമായി സ്കൂളുകൾക്ക് സർക്കാർ അവധി നൽകിയിരിക്കുകയാണ്. ഡേഗുവിൽ സ്കുളുകൾക്ക് നൽകിയ അവധി മൂന്നാഴ്ചയാക്കി നീട്ടിയതായി അധികൃതർ അറിയിച്ചു.