ന്യൂഡല്‍ഹി: യെമനിലെ സര്‍ക്കാരും വിമതരും സമാധാന ഉടമ്പടിയില്‍ ഒപ്പുവെച്ചതിനെ സ്വാഗതം ചെയ്‌ത് ഇന്ത്യ. വര്‍ഷങ്ങളായി രാജ്യത്തുള്ള യുദ്ധസമാനമായ അന്തരീക്ഷത്തിന് പുതിയ ഉടമ്പടിയോടെ മാറ്റമുണ്ടാകുമെന്നും രാജ്യത്ത് സമാധാനവും പുരോഗതിയും വന്നുചേരുമെന്ന് പ്രതീക്ഷിക്കുന്നതായും ഇന്ത്യന്‍ വിദേശകാര്യ വക്‌താവ് രവീഷ് കുമാര്‍ അഭിപ്രായപ്പെട്ടു. യെമന് ഇന്ത്യയുടെ പൂര്‍ണ പിന്തുണയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
"യെമന്‍ സര്‍ക്കാരും - വിമതരും തമ്മില്‍ ഒപ്പുവച്ച റിയാദ് ഉടമ്പടിയെ ഇന്ത്യ സ്വാഗതം ചെയ്യുന്നു. മേഖലയിലെ സംഘര്‍ഷത്തില്‍ ഇതോടെ മാറ്റം വരുമെന്ന് ഇന്ത്യ പ്രതീക്ഷിക്കുന്നു. രാജ്യത്ത് സമാധാനം പുനസ്ഥാപിക്കുന്നതിനും, ജനങ്ങള്‍ക്ക് സാമൂഹികവും, സാമ്പത്തികവുമായ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനും യെമന് ഇന്ത്യയുടെ പൂര്‍ണ പിന്തുണ എല്ലായ്പ്പോഴും ഉണ്ടാകും " - ഇന്ത്യന്‍ വിദേശകാര്യ വക്‌താവ് രവീഷ് കുമാര്‍ വ്യക്‌തമാക്കി.
നവംബര്‍ അഞ്ചിന് റിയാദില്‍ വച്ചാണ് ഇരുവിഭാഗവും തമ്മില്‍ സമാധാനകരാറിലെത്തിയത്. ഗള്‍ഫ് മേഖലയിലെ രാജ്യങ്ങളും പുതിയ കരാറിനെ സ്വാഗതം ചെയ്‌ത് രംഗത്തെത്തിയിരുന്നു. യെമനില്‍ സമാധാനാ അന്തരീക്ഷമുണ്ടാകാന്‍ പുതിയ ഉടമ്പടി കാരണമാകുമെന്ന് സൗദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ വ്യക്‌തമാക്കി.