മനില: ഫിലിപ്പൈൻസ് തലസ്ഥാനമായ മനിലയിലെ അഗ്നിപര്‍വതങ്ങളിലൊന്ന് ഉടന്‍ പൊട്ടിത്തെറിക്കാന്‍ സാധ്യത. ഫിലിപ്പൈൻസിലെ ഏറ്റവും സജീവമായ രണ്ടാമത്തെ അഗ്നിപർവതമായ താലിൽ നിന്ന് ലാവ പുറത്തേക്കൊഴുകിത്തുടങ്ങി. പര്‍വതം പൂര്‍ണമായി പൊട്ടിത്തെറിക്കുന്നതിന് മുമ്പാണ് സാധാരണ ലാവ പുറത്തേക്ക് വരുന്നത്. ലാവാ പ്രവാഹത്തിന്‍റെ ഫലമായി മേഖല ചാരത്തില്‍ മൂടിയിരിക്കുകയാണ്. അഗ്നിപര്‍വതം സജീവമായതോടെ പ്രദേശവാസികളായ പതിനായിരക്കണക്കിന് ആളുകള്‍ വാസസ്ഥലം ഒഴിഞ്ഞ് സുരക്ഷിതമേഖലകളിലേക്ക് മാറിയിരിക്കുകയാണ്. ശനിയാഴ്‌ച മുതല്‍ മേഖലയില്‍ അതീവജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
താല്‍ അഗ്നിപർവ്വതത്തില്‍ നിന്നുണ്ടാകുന്ന ചെറിയ പൊട്ടിത്തെറികള്‍ കാരണം സമീപത്തെ ഭൂമിയില്‍ വ്യാപകമായി വിള്ളലുകള്‍ രൂപപ്പെടുന്നുണ്ട്. കൂടുതല്‍ മാഗ്‌മ ഭൂമിക്കടിയില്‍ നിന്നും ഉയര്‍ന്നുവരുന്നുവെന്ന സൂചനയാണ് ഇത് നല്‍കുന്നതെന്ന് ശാസ്‌ത്രജ്ഞര്‍ അറിയിച്ചു. ഇത്തരം പ്രതിഭാസങ്ങള്‍ സ്‌ഫോടനത്തിന്‍റെ കാഠിന്യം വര്‍ധിക്കുന്നതിന് കാരണമാകുമെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ ദിവസമുണ്ടായ സ്‌ഫോടനത്തില്‍ ലാവ 800 മീറ്റര്‍ ഉയരത്തില്‍ ആകാശത്തേക്ക് ഉയര്‍ന്നിരുന്നു. പിന്നാലെയാണ് മേഖലയില്‍ ചാരം വ്യാപിച്ചത്. കഴിഞ്ഞ ചൊവ്വാഴ്‌ച മാത്രം അമ്പതോളം തവണയാണ് താലില്‍ സ്‌ഫോടനമുണ്ടായത്. ഇടിമിന്നലും ഭൂചലനവും തുടർച്ചയായി ഉണ്ടാകുന്ന സാഹചര്യത്തില്‍ സർക്കാർ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. അപകടസ്ഥിതി കണത്തിലെടുത്ത് മനില വിമാനത്താവളത്തിൽ നിന്നുള്ള സർവീസുകൾ റദ്ദാക്കി. തലിസായ് ടൗണിലേക്കുള്ള ഗതാഗതവും നിര്‍ത്തിവച്ചിരിക്കുകയാണ്. സർക്കാരിന്‍റെ എല്ലാ പരിപാടികളും നിര്‍ത്തിവച്ചതായി പ്രസിഡന്‍റ് റോഡ്രിഗോ ഡ്യൂട്ടർട്ട് അറിയിച്ചു.