മനില: ഫിലിപ്പൈൻസിൽ സൈനിക വിമാനം ലാൻഡിങിനിടെ തകർന്നു വീണുണ്ടായ അപകടത്തിൽ മരണം 50 ആയി. 49 പേരെ പരിക്കുകളോടു കൂടി രക്ഷപ്പെടുത്തിയതായി പ്രതിരോധ മന്ത്രി ഡെൽഫിൻ ലൊറെൻസാന അറിയിച്ചു. 96 പേരുമായി പോയ ഫിലിപ്പൈൻ വ്യോമസേനയുടെ സി130 വിമാനമാണ് അപകടത്തിൽപ്പെട്ടത്.
ഞായറാഴ്‌ച രാവിലെ 11.30ന് തെക്കൻ പ്രവിശ്യയായ സുലുവിലെ ഹോലോദ്വീപിലായിരുന്നു അപകടം. ലാൻഡിങിനിടെ റൺവേയിൽ നിന്ന് തെന്നി മാറിയതാണ് അപകടകാരണമെന്ന് സായുധ സേനാ മേധാവി സിറിലിറ്റോ സോബെജാന അറിയിച്ചു. വിമാനം വീണ സ്ഥലത്തുണ്ടായിരുന്നവരില്‍ മൂന്ന് പേരും അപകടത്തില്‍ മരിച്ചു. 4 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. രക്ഷപ്പെടുത്തിയവരെ തൽക്ഷണം തന്നെ ആശുപത്രിയിലേക്ക് മാറ്റി.
തകർന്ന വിമാനത്തിനു തീപിടിക്കുന്നതിനു മുൻപേ കുറേയേറെ സൈനികർ പുറത്തുചാടി രക്ഷപ്പെട്ടെന്നാണ് റിപ്പോർട്ടുകള്‍. അതേസമയം അപകട കാരണം ഇതുവരെ വ്യക്തമായിട്ടില്ല. വിമാനത്തിന്‍റെ ബ്ലാക്ക് ബോക്‌സ് കണ്ടെത്തുന്നതിനായുള്ള ശ്രമം തുടരുകയാണ്. ഈ വർഷം യുഎസ് വ്യോമസേന കൈമാറിയതാണു തകർന്ന സി–130 ഹെർക്കുലിസ് വിമാനം.
Also Read: ഫ്ലോറിഡയിൽ കെട്ടിടം തകർന്ന സംഭവം; അവശേഷിക്കുന്ന ഭാഗങ്ങൾ പൊളിച്ചുമാറ്റും