ഇസ്ലാമബാദ്: പാകിസ്ഥാനിലെ ബലൂചിസ്ഥാനിൽ വെള്ളിയാഴ്‌ച നടന്ന ഭീകര-വിരുദ്ധ തെരച്ചിലിനിടെ വെടിയേറ്റ് ഒരു പാകിസ്ഥാൻ സൈനികനും രണ്ട് തീവ്രവാദികളും കൊല്ലപ്പെട്ടു. ഹൽമെർഗിൽ സുരക്ഷ സേന നടത്തിയ തെരച്ചിലിലാണ് സൈനികനും തീവ്രവാദികളും കൊല്ലപ്പെട്ടത്. സ്ഥലത്ത് നിന്ന് ആയുധങ്ങളും മറ്റ് സ്ഫോടക വസ്‌തുക്കളും കണ്ടെടുത്തായി സുരക്ഷ സേന അറിയിച്ചു. കഴിഞ്ഞ മാസം ബലൂചിസ്ഥാനിൽ നടന്ന രണ്ട് ഭീകരാക്രമണങ്ങളിൽ നാല് പാകിസ്ഥാൻ സൈനികർ കൊല്ലപ്പെടുകയും എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു.
Also Read: യുഎസിന് വ്യോമതാവളങ്ങൾ നൽകാൻ വിസമ്മതിച്ച് പാകിസ്ഥാന്‍ ;നിലപാടിനെ പ്രശംസിച്ച് താലിബാൻ
ബലൂചിസ്ഥാൻ പാകിസ്ഥാനിലെ വിഭവ സമൃദ്ധവും എന്നാൽ വികസനം ഇല്ലാത്തതുമായ ഒരു പ്രവിശ്യയാണ്. 1947ന് മുമ്പ് ഈ പ്രദേശം സ്വതന്ത്രമായിരുന്നു എന്നും പാകിസ്ഥാൻ കൈവശപ്പെടുത്തിയതാണെന്നുമാണ് നിരവധി ബലൂചിസ്ഥാൻ നിവാസികളുടെ വിശ്വാസം. അതിനാൽ തന്നെ ഈ പ്രദേശത്ത് സ്വാതന്ത്ര്യം വേണമെന്ന് ആവശ്യപ്പെട്ട് തീവ്രവാദ സംഘടനകൾ പ്രവർത്തിച്ചു വരികയായിരുന്നു എന്ന് സുരക്ഷ സേന പറഞ്ഞു. അടുത്തിടെയാണ് ഈ പ്രദേശത്ത് പാകിസ്ഥാൻ സുരക്ഷ സേനയും ബലൂച് കലാപകാരികളും തമ്മിലുള്ള പോരാട്ടം ശക്തമായത്.