ഇസ്ലാമാബാദ്: കഴിഞ്ഞ മാസം പഞ്ചാബ് പ്രവിശ്യയിൽ നടന്ന കൂട്ടബലാത്സംഗത്തെക്കുറിച്ചുള്ള വാർത്തകൾ സംപ്രേഷണം ചെയ്യുന്നതിൽ നിന്ന് എല്ലാ ടിവി ചാനലുകളെയും വിലക്കി പാകിസ്ഥാൻ ഇലക്ട്രോണിക് മീഡിയ റെഗുലേറ്ററി അതോറിറ്റി ഉത്തരവിറക്കി.
ലാഹോറിലെ തീവ്രവാദ വിരുദ്ധ കോടതിയുടെ ഉത്തരവുകൾ അനുസരിക്കാനും സിയാൽകോട്ട് മോട്ടോർവേ സംഭവവുമായി ബന്ധപ്പെട്ടുള്ള വാർത്തകൾ സംപ്രേഷണം ചെയ്യുന്നത് നിർത്തണമെന്നും എല്ലാ സാറ്റലൈറ്റ് ടിവി ചാനലുകൾക്കും നിർദേശം നൽകി.
സംഭവത്തിൽ മാധ്യമങ്ങൾ തെറ്റായ വാർത്തകൾ നൽകുന്നുവെന്നും അതിനാൽ വാർത്തകൾ നൽകുന്നതിൽ നിന്ന് ചാനലുകളെ വിലക്കണമെന്നും ആവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥൻ സുൽഫിക്കർ ചീമ കോടതിക്ക് മുമ്പാകെ അപേക്ഷ നൽകിയിരുന്നു.
വാർത്തകൾ സംപ്രേക്ഷണം ചെയ്യുന്നത് പ്രധാന പ്രതിയെ അറസ്റ്റ് ചെയ്യുന്നതിൽ തടസ്സമുണ്ടാക്കുമെന്നും ഹർജിയിൽ പറയുന്നു. അന്വേഷണ ഉദ്യോഗസ്ഥന്‍റെ ആവശ്യം കോടതി അംഗീകരിച്ചു. മാധ്യമ വാർത്തകൾ ഇരയെയും കുടുംബത്തിനെയും അപമാനപ്പെടുത്തുന്നതാണെന്നും കോടതി നിരീക്ഷിച്ചു.