ഇസ്‌ലാമാബാദ്: കാബൂളിലേക്കുള്ള വിമാന സർവീസുകളും ആളുകളെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങളും താത്കാലികമായി നിർത്തിവച്ച് പാകിസ്ഥാൻ. കാബൂളിൽ താലിബാൻ അധികാരം പിടിച്ചെടുത്ത ശേഷം അഫ്‌ഗാനിൽ നിന്നുള്ള നയതന്ത്രജ്ഞരെയും വിദേശ പൗരന്മാരെയും ഒഴിപ്പിക്കുന്നതിനായി സർക്കാർ ഉടമസ്ഥതയിലുള്ള പാകിസ്ഥാൻ ഇന്‍റർനാഷണൽ എയർലൈൻസ്(പിഐഎ) കാബൂളിലേക്ക് വിമാനസർവീസ് നടത്തിയിരുന്നു.
എന്നാൽ കാബൂളിലെ ഹമീദ് കർസായി ഇന്‍റർനാഷണൽ എയർപോർട്ട് റൺവേയിലെ സൗകര്യക്കുറവും മാലിന്യ കൂമ്പാരങ്ങളും കാരണം വിമാന സർവീസുകൾ നിർത്തിവയ്ക്കുന്നതായി പിഐഎ ശനിയാഴ്ച അറിയിച്ചു. കാബൂൾ വിമാനത്താവളത്തിൽ ഇമിഗ്രേഷൻ ഉദ്യോഗസ്ഥരും സുരക്ഷാ പരിശോധനകളും ഇല്ലെന്നും താലിബാൻ അധികാരം പിടിച്ചെടുത്തത് മുതൽ ശുചീകരണ തൊഴിലാളികളും അവരുടെ ജോലികൾ ചെയ്യുന്നില്ല എന്നുമാണ് വരുന്ന റിപ്പോർട്ടുകൾ.
Also Read: അഫ്‌ഗാൻ രക്ഷാദൗത്യം: 168 യാത്രക്കാരുമായി ഇന്ത്യൻ വ്യോമസേന വിമാനം ഗാസിയാബാദിലെത്തി
കാബൂൾ എയർപോർട്ടിൽ ആവശ്യമായ സൗകര്യങ്ങൾ എത്രയും വേഗം പുനസ്ഥാപിക്കാൻ അഫ്‌ഗാൻ സിവിൽ ഏവിയേഷൻ അതോറിറ്റിയുമായി സംസാരിച്ചിട്ടുണ്ടെന്നും സൗകര്യങ്ങൾ പുനഃസ്ഥാപിച്ചാൽ ഉടൻതന്നെ വിമാനസർവീസുകൾ പുനഃസ്ഥാപിക്കുമെന്ന് പിഐഎ വക്താവ് അബ്ദുല്ല ഹഫീസ് അറിയിച്ചു. മാധ്യമപ്രവർത്തകരും യുഎൻ ഉദ്യേഗസ്ഥരും പാകിസ്ഥാൻ സ്വദേശികളുമടക്കം 1500 പേരെ അഞ്ച് വിമാനങ്ങളിലായി ഇതുവരെ ഒഴിപ്പിച്ചിട്ടുണ്ടെന്നും ഹഫീസ് അറിയിച്ചു.