ഇസ്ലാമാബാദ്: പാകിസ്ഥാനിൽ 2011ൽ കാണാതായ 16 കൽക്കരി ഖനിത്തൊഴിലാളികളുടെ മൃതദേഹങ്ങൾ കണ്ടെത്തി. ശ്‌മശാന സമാനമായ പ്രദേശം കണ്ട് സംശയം തോന്നിയതിനെ തുടർന്ന് സമീപവാസികളിലൊരാൾ പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് ഫോറൻസിക് വിദഗ്‌ധർ എത്തി പരിശോധന നടത്തിയതിലൂടെ 2011ൽ കാണാതായ ഖനിതൊഴിലാളികൾ ആണെന്ന് കണ്ടെത്തി.
പത്തു വർഷങ്ങൾക്ക് മുമ്പ് പാകിസ്ഥാനിലെ കോഹാത്ത് ജില്ലയിലെ ഒരു ഖനിയിൽ ജോലി ചെയ്യുന്നതിനിടെയാണ് തൊഴിലാളികളെ കാണാതായത്. തൊഴിലാളികളെ തട്ടിക്കൊണ്ടുപോയതായി ആരും അവകാശപ്പെട്ടിരുന്നില്ല. എന്നാൽ അക്കാലത്ത് തീവ്രവാദ സംഘടനകൾ സജീവമായിരുന്നതിനാൽ തീവ്രവാദികൾ കടത്തിയതാകാം എന്ന സംശയം നിലനിന്നിരുന്നു.
മരിച്ചവരുടെ കുടുംബാംഗങ്ങൾ വസ്‌ത്രാവശിഷ്‌ടങ്ങളിൽ നിന്നും മറ്റും മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. മൃതദേഹങ്ങൾ പരിശോധിച്ച ശേഷം കുടുംബങ്ങൾക്ക് തന്നെ കൈമാറിയതായും പൊലീസ് പറഞ്ഞു. സംഭവത്തിൽ തൊഴിലാളികളുടെ മരണകാരണം വ്യക്തമല്ലാത്ത സാഹചര്യത്തിൽ അന്വേഷണം തുടർന്നേക്കും.