ഇസ്ലാമാബാദ്: പാകിസ്ഥാൻ അടുത്ത പോളിയോ വിമുക്ത രാജ്യമാകാമെന്നും പോളിയോയെ ഉന്മൂലനം ചെയ്യാൻ വർഷങ്ങളായി രാജ്യം നടത്തിയ ശ്രമങ്ങളുടെ ഫലമാണിതെന്നും ലോകാരോഗ്യ സംഘടന. ലോക പോളിയോ ദിനത്തോടനുബന്ധിച്ച് ശനിയാഴ്ച നടന്ന പരിപാടിയിൽ ലോകാരോഗ്യ സംഘടനയുടെ രാജ്യ പ്രതിനിധി പലിത മഹിപാലയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
വാക്സിനുകളെക്കുറിച്ചുള്ള തെറ്റിധാരണകളും കൊവിഡ് മൂലമുണ്ടായ ലോക്ക്ഡൗണുകളും പോളിയോ വിമുക്ത രാജ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങളെ ബാധിച്ചിരുന്നു. എങ്കിലും സമീപകാലത്ത് ആഫ്രിക്കയിലേതു പോലെ പാകിസ്ഥാനിലും പോളിയോ ഇല്ലാതാക്കാനുള്ള സുപ്രധാനമായ പ്രവർത്തനങ്ങൾ വർധിപ്പിക്കാൻ കഴിഞ്ഞതായും അദേഹം പറഞ്ഞു. രോഗം തടയാനുള്ള ശ്രമത്തിൽ യുണിസെഫ് ഉൾപ്പെടെയുള്ള ആഗോള പങ്കാളികൾ പിന്തുണച്ചപ്പോൾ രോഗത്തെ എന്നെന്നേക്കുമായി ഇല്ലാതാക്കാനാണ് പാകിസ്ഥാൻ ശ്രമിച്ചത്. ഇതിനു വേണ്ടി ഹ്രവർത്തിച്ച 2,60,000-ത്തിലധികം പ്രവർത്തകരെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.
അഞ്ച് വയസ്സിന് താഴെയുള്ള 31 ദശലക്ഷത്തിലധികം കുട്ടികൾക്ക് പ്രതിരോധ കുത്തിവയ്പ്പ് നടത്തുകയെന്ന ലക്ഷ്യത്തോടെ അടുത്ത ഉപ-ദേശീയ പോളിയോ നിർമാർജന പ്രചാരണ പരിപാടി തിങ്കളാഴ്ച ആരംഭിക്കും. പഞ്ചാബിലെയും ബലൂചിസ്ഥാനിലെയും 33 ജില്ലകൾ, സിന്ധിലെ 41 ജില്ലകൾ, ഗിൽഗിത് ബാൾട്ടിസ്ഥാനിലെ എട്ട് ജില്ലകൾ, പാകിസ്ഥാൻ അധിനിവേശ കശ്മീരിലെ 10 ജില്ലകൾ, ഖൈബർ പഖ്‌തുൻഖ്വയിലെ ഒരു ജില്ല എന്നിവയാണ് പ്രചാരണ പരിപാടിയിൽ ഉൾപ്പെടുന്നത്.