ഇസ്ലാമാബാദ്: ഇന്ത്യൻ സൈന്യത്തിന്‍റെ വെടിനിർത്തൽ നിയമലംഘനത്തിനെതിരെ പ്രതിഷേധം രേഖപ്പെടുത്താൻ പാകിസ്ഥാൻ ഇന്ത്യൻ ഹൈക്കമ്മിഷന്‍റെ മുതിർന്ന നയതന്ത്രജ്ഞനുമായി കൂടിക്കാഴ്ച നടത്തി. ഹോട്ട്‌സ്‌പ്രിംഗ്, റാഖിക്രി മേഖലകളിൽ ശനിയാഴ്ച രാത്രി ഇന്ത്യൻ സേന പ്രകോപനം ഇല്ലാതെ വെടിവയ്പ്പ് നടത്തിയതായി വിദേശകാര്യ ഓഫീസിന്‍റെ പ്രസ്താവനയിൽ പറയുന്നു. സംഭവത്തിൽ ഒരു പെൺകുട്ടി മരിക്കുകയും നാല് സാധാരണക്കാർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു.
2020ൽ 2,225 തവണ വെടി നിറുത്തൽ കരാർ ലംഘിക്കുകയും ആക്രമണത്തിൽ 18 പേർ മരിക്കുകയും 176 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്ന് പാകിസ്ഥാൻ ആരോപിക്കുന്നു. സംഭവത്തിൽ അന്വേഷണം നടത്തുമെന്നും നിയന്ത്രണ രേഖയിൽ സമാധാനം നിലനിർത്താൻ ഇന്ത്യൻ പക്ഷത്തോട് ആവശ്യപ്പെടുമെന്നും വിദേശകാര്യ ഓഫീസ് അറിയിച്ചു.