ഇസ്ലാമാബാദ്: രാജ്യ ദ്രോഹക്കേസില്‍ പർവേസ് മുഷറഫിന്‍റെ അപ്പീല്‍ ഹര്‍ജിയില്‍ പാക് സുപ്രീം കോടതി ഇന്ന് വാദം കേൾക്കും. കേസിൽ വധശിക്ഷ വിധിച്ചതിനെതിരായ ഹര്‍ജി തള്ളിയ സുപ്രീം കോടതി രജിസ്‌ട്രി തീരുമാനത്തിനെതിരെയായ ഹര്‍ജിയാണ് പരിഗണിക്കുന്നത്. പാകിസ്ഥാൻ ചീഫ് ജസ്റ്റിസ് ഗുൽസാർ അഹമ്മദാണ് ഹർജിയിൽ വാദം കേൾക്കുന്നത്.
രാജ്യദ്രോഹ കേസില്‍ സ്‌പെഷ്യല്‍ ട്രൈബ്യൂണല്‍ വധശിക്ഷക്കു വിധിച്ച നടപടി അസാധുവായി പ്രഖ്യാപിക്കണമെന്നായിരുന്നു മുഷറഫിന്‍റെ ഹര്‍ജിയിലെ ആവശ്യം. എന്നാല്‍ നിയമത്തിനു മുന്നില്‍ കീഴടങ്ങാതെ അപ്പീല്‍ സ്വീകരിക്കാനാകില്ലെന്ന സ്‌പെഷ്യല്‍ ട്രൈബ്യൂണല്‍ ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് രജിസ്ട്രാര്‍ ഓഫിസ് ഹര്‍ജി തള്ളിയത്.
വിചാരണ ആരംഭിച്ചു ആറു വര്‍ഷത്തിനുശേഷമായിരുന്നു മുഷറഫിനു ശിക്ഷ വിധിച്ചത്. 2019 ഡിസംബര്‍ 17നായിരുന്നു ട്രൈബ്യൂണലിന്‍റെ വിധി. പാകിസ്ഥാന്‍റെ ചരിത്രത്തില്‍ ആദ്യമായാണ് സൈനിക മേധാവിയെ രാജ്യദ്രോഹക്കുറ്റം ചുമത്തി വധശിക്ഷ വിധിക്കുന്നത്. അതേസമയം, ലാഹോര്‍ ഹൈകോടതി മുഷറഫിന്‍റെ വധശിക്ഷ റദ്ദാക്കിയിരുന്നു. ആരോഗ്യകാരണങ്ങളാല്‍ അഞ്ചു വര്‍ഷമായി ദുബായിലാണ് മുഷറഫ് താമസിക്കുന്നത്.