ഇസ്ലാമാബാദ്: ചൈനയിൽ നിന്ന് മടങ്ങിയെത്തിയ പാകിസ്ഥാൻ പ്രസിഡന്‍റ് ആരിഫ് അൽവിക്കും വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ് ഖുറേഷിക്കും കൊവിഡില്ല. പ്രസിഡന്‍റ് ആരിഫ് ആൽവി, വിദേശകാര്യമന്ത്രി ഷാ മെഹ്മൂദ് ഖുറേഷി, ആസൂത്രണ മന്ത്രി ആസാദ് ഉമർ തുടങ്ങിയവരുടെ കൊവിഡ് പരിശോധന ഫലം നെഗറ്റീവാണെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
കോവിഡ് -19 ന്‍റെ വ്യാപനം നിയന്ത്രിക്കാനും കൈകാര്യം ചെയ്യാനുമുള്ള ശ്രമങ്ങളിൽ ചൈനീസ് സർക്കാരിനോട് പാകിസ്ഥാൻ ഐക്യദാർഡ്യം പ്രകടിപ്പിച്ച് പ്രസിഡന്‍റ് ആൽവി മാർച്ച് 16 മുതൽ 17 വരെ ചൈന സന്ദർശിച്ചിരുന്നു. ഖുറേഷി, ഉമർ തുടങ്ങിയവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. പ്രസിഡന്റ് ആൽവിയും സംഘവും കോവിഡ് -19 പരിശോധനക്ക് ശേഷമാണ് ചൈനാ സന്ദർശനത്തിന് പോയത്. മടങ്ങിയെത്തിയ ഇവർ വീണ്ടും പരിശോധനക്ക് വിധേയരാവുകയായിരുന്നു. രണ്ട് മരണങ്ങളുൾപ്പെടെ 299 കേസുകൾ പാകിസ്താൻ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.