ഇസ്‌ലാമാബാദ് : പാക് അധീന കശ്‌മീരില്‍ ഭൂചലനമുണ്ടായ പ്രദേശത്ത് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ തിങ്കളാഴ്‌ച സന്ദര്‍ശനം നടത്തും. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് ഇമ്രാന്‍ ഖാന്‍ പാക് അധീന കശ്മീരില്‍ എത്തുന്നത്. കഴിഞ്ഞ ആഴ്‌ച പാക് അധീന കശ്‌മീരിന്‍റെ ഭാഗമായ മിര്‍പൂര്‍ ജില്ലയിലും പരിസര പ്രദേശങ്ങളിലും ഭൂചലനമുണ്ടായിരുന്നു. ഭൂചലനത്തില്‍ 40 പേര്‍ കൊല്ലപ്പെട്ടതായി മിര്‍പൂര്‍ ഡിവിഷണല്‍ കമ്മീഷണര്‍ ചൗധരി മുഹമ്മദ് തായബ് അറിയിച്ചു. മിര്‍പൂര്‍, ജേലം എന്നീ ജില്ലകളിലുണ്ടായ ഭൂചലനത്തില്‍ 680 പേര്‍ക്ക് പരിക്കേറ്റു.
454 കോൺക്രീറ്റ് വീടുകളും 1200 കുടിലുകളും പൂര്‍ണമായും തകര്‍ന്നതായാണ് പ്രാഥമിക റിപ്പോര്‍ട്ടുകൾ. 6,660 കോൺക്രീറ്റ് വീടുകളും 500 കുടിലുകളും ഭാഗികമായി തകര്‍ന്നു. 140 സ്‌കൂൾ കെട്ടിടങ്ങൾക്കും 200 വാഹനങ്ങൾക്കും കേടുപാടുകള്‍ സംഭവിച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് പാകിസ്ഥാന്‍ പ്രധാനമന്ത്രി അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.