ഇസ്‌ലാമാബാദ്: കൊവിഡ് രോഗിയുമായി ബന്ധപ്പെട്ടതിനെ തുടർന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ സ്വയം നിരീക്ഷണത്തിന് വിധേയനാകാൻ സാധ്യത. എദി ഫൗണ്ടേഷൻ സ്ഥാപകനായ ഫൈസൽ എദിയുമായി എപ്രിൽ 15 നാണ് ഇമ്രാൻ ഖാൻ കൂടിക്കാഴ്‌ച നടത്തിയത്. കൂടിക്കാഴ്‌ചക്ക് ശേഷമാണ് ഫൈസൽ എദിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഫൈസൽ എദി സ്വയം നിരീക്ഷണത്തിലാണെന്നും അദ്ദേഹത്തിന്‍റെ ആരോഗ്യനില തൃപ്‌തികരമാണെന്നും ഡോക്‌ടർമാർ അറിയിച്ചു.
പാകിസ്ഥാനിലെ ജീവകാരുണ്യ പ്രവർത്തകനായ അബ്‌ദുൾ സത്താർ എദിയുടെ മകനാണ് ഫൈസൽ എദി. ലോകത്തിലെ ഏറ്റവും വലിയ സന്നദ്ധ ആംബുലൻസ് ശൃംഖലയാണ് എദി ഫൗണ്ടേഷൻ. കൊവിഡ് ബാധിതരെ സഹായിക്കുന്നതിനായി എദി ഫൗണ്ടേഷൻ ഒരു കോടി രൂപ സർക്കാരിന് സംഭാവന നൽകിയിരുന്നു. പാകിസ്ഥാനിൽ 9,500 പേർക്കാണ് കൊവിഡ് ബാധിച്ചത്. 197 പേർ മരിച്ചു.