ഇസ്ലാമാബാദ്: പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ കൊവിഡ് പരിശോധനക്ക് വിധേയനായി. ഏപ്രിൽ 15ന് ചാരിറ്റി സ്ഥാപനമായ എദ്ദി ഫൗണ്ടേഷൻ ചെയർമാൻ ഫൈസൽ എദ്ദിയുമായി അദ്ദേഹം കൂടികാഴ്ച നടത്തിയിരുന്നു. ഇയാൾക്ക് കഴിഞ്ഞദിവസം കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് ഖാൻ കൊവിഡ് പരിശോധന നടത്തിയത്.
ഷൗക്കത്ത് ഖാനം മെമ്മോറിയൽ കാൻസർ ആശുപത്രിയിലെ ഡോക്ടർമാരുടെ സംഘം പ്രധാനമന്ത്രിയുടെ സാമ്പിളുകൾ ശേഖരിച്ചു. ഫലം ബുധനാഴ്ച ലഭിക്കുമെന്നാണ് വിവരം. പ്രധാനമന്ത്രിയുടെ കുടുംബാംഗങ്ങളുടെ പരിശോധനാ ഫലം നെഗറ്റീവാണ്. രാജ്യത്തെ കൊവിഡ് -19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് സംഭാവന ശേഖരിക്കുന്നതിനായി വ്യാഴാഴ്ച സംഘടിപ്പിക്കുന്ന പരിപാടിയിൽ ഖാൻ പങ്കെടുക്കും.
പാകിസ്ഥാനിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 17 പേർ രോഗം ബാധിച്ച് കൂടി മരിച്ചു. രാജ്യത്ത് മരണസംഖ്യ 209 ആയി. കൊവിഡ് കേസുകളുടെ എണ്ണം 9,749 ആയി ഉയർന്നു. പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ 4,328, സിന്ധിൽ 3,053, ഖൈബർ-പഖ്തുൻഖ്വ 1,345, ബലൂചിസ്ഥാൻ 495, ഗിൽഗിത്-ബാൾട്ടിസ്ഥാൻ 284, ഇസ്ലാമാബാദ് 194, പാകിസ്ഥാൻ അധിനിവേശ കശ്മീർ 51 എന്നിങ്ങനെയാണ് കൊവിഡ് ബാധിതരുടെ എണ്ണം.