മുംബൈ ഭീകരാക്രമണത്തിന്‍റെമുഖ്യ സൂത്രധാരനായ ഹാഫിസ് സയീദിന്‍റെനേതൃത്വത്തിലുള്ള ഭീകരസംഘടനയായ ജമാത്ത് ഉദ് ദവ യെ പാകിസ്ഥാന്‍ സര്‍ക്കാര്‍ നിരോധിച്ചു. സംഘടനയുടെ ജീവകാരുണ്യ വിഭാഗമായ ഫലാഹെ ഇന്‍സാനിയത് ഫൗണ്ടേഷനും നിരോധനം ബാധകമാണ്. 1997 ലെ ഭീകരവിരുദ്ധ നിയമപ്രകാരമാണ് നടപടി.
പുൽവാമ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ പാകിസ്ഥാന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനകൾക്കെതിരെ കർശന നടപടിയെടുക്കാന്‍ പാകിസ്ഥാന് മേൽ രാജ്യാന്തര സമ്മർദം ശക്തമായിരുന്നു. അതിനിടെയാണ് ജമാത്ത് ഉദ് ദവയെ നിരോധിച്ചതായി പാക് ആഭ്യന്തര മന്ത്രാലയം അറിയിച്ചത്.
പുൽവാമയിൽ സിആർപിഎഫ് വാഹനവ്യൂഹത്തിന് നേരെ ആക്രമണം നടത്തിയതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത ജയ്ഷെ മുഹമ്മദ് അടക്കം ചില ഭീകര സംഘടനകൾക്കെതിരെ നടപടികൾ ആരംഭിച്ചതായും പാകിസ്ഥാന്‍ അവകാശപ്പെടുന്നുണ്ട്. മസൂദ് അസ്ഹറിന്‍റെ സഹോദരന്‍ അബ്ദുള്‍ റൗഫ് അസ്ഗർ അടക്കമുള്ളവർ കരുതല്‍ തടങ്കലിലാണെന്ന് പാക് മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു. ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട 70 നിരോധിത ഭീകരസംഘടനകളുടെ പട്ടികയിലാണ് ജമാത്ത് ഉദ് ദവയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
മുംബൈ ഭീകരാക്രമണം നടത്തിയത് ജമാത്ത് ഉദ് ദവയുടെ ഭാഗമായ ലഷ്കര്‍ ഈ തൊയ്ബയായിരുന്നു. വീട്ടുതടങ്കലിലായിരുന്ന സയീദിനെ പാക് ഭരണകൂടം 2017 നവംബറിലാണ് മോചിപ്പിച്ചത്.