ഇസ്ലാമാബാദ്: പ്രധാനമന്ത്രി ഇമ്രാൻ ഖാന്‍റെ നേതൃത്വത്തിലുള്ള സർക്കാർ ജനുവരി 31 നകം രാജിവെയ്ക്കണമെന്നും അല്ലെങ്കിൽ ഇസ്ലാമാബാദിലേക്ക് ലോംഗ് മാർച്ച് പോലുള്ള പ്രതിപക്ഷ പാർട്ടികളുടെ ശക്തമായ മുന്നേറ്റങ്ങളെ നേരിടണമെന്നും രാജ്യത്തെ പ്രതിപക്ഷ സഖ്യമായ പാകിസ്ഥാൻ ഡെമോക്രാറ്റിക് മൂവ്‌മെന്‍റ് (പിഡിഎം). ജാമിയത്ത് ഉലമ-ഇ ഇസ്ലാം (എഫ്) നേതാവ് മൗലാന ഫസ്ലുർ റഹ്മാനാണ് ആവശ്യം മുന്നോട്ട് വെച്ചത്. മറിയം നവാസ്, പിപിപി മേധാവി ബിലാവൽ ഭൂട്ടോ സർദാരി, മറ്റ് പ്രതിപക്ഷ നേതാക്കൾ എന്നിവരോടൊപ്പം ലാഹോറിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു റഹ്മാൻ.''നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന സർക്കാരിനെ ഭരിക്കാൻ ഞങ്ങൾ അനുവദിക്കില്ല. അത് അവസാനിച്ചതിനുശേഷം മാത്രമേ ഞങ്ങൾ വിശ്രമിക്കുകയുള്ളൂവെന്നും'' അദ്ദേഹം പറഞ്ഞു.
സർക്കാർ രാജിവയ്ക്കാൻ വിസമ്മതിക്കുകയാണെങ്കിൽ, ഫെബ്രുവരി ഒന്നിന് പിഡിഎമ്മിന്‍റെ നേതൃത്വത്തിൽ ഇസ്ലാമാബാദിലേക്ക് ഒരു മാർച്ച് പ്രഖ്യാപിക്കുമെന്നും യോഗത്തിന്‍റെ തീയതി ഉടൻ തീരുമാനിക്കുമെന്നും അറിയിച്ചു. പിഡിഎമ്മിലെ എല്ലാ പാർട്ടി പ്രവർത്തകരോടും പാകിസ്ഥാനിലെ ജനങ്ങളോടും ലോംഗ് മാർച്ചിനുള്ള ഒരുക്കങ്ങൾ ഇന്ന് മുതൽ ആരംഭിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കൊവിഡ് മൂലം പൊതുസമ്മേളനങ്ങൾക്ക് സർക്കാർ വിലക്ക് ഏർപ്പെടുത്തിയിട്ടും പതിനായിരക്കണക്കിന് പ്രതിപക്ഷ അനുയായികളാണ് ഞായറാഴ്ച പാകിസ്ഥാന്‍റെ വടക്കുകിഴക്കൻ നഗരമായ ലാഹോറിൽ ഒത്തുചേർന്നത്.