ഇസ്ലാമാബാദ്: ടിക്‌ടോക് താരം ഹരീം ഷായെച്ചൊല്ലി പാകിസ്ഥാൻ ശാസ്ത്ര - സാങ്കേതിക മന്ത്രി ഫവാദ് ചൗദരി ടെലിവിഷൻ അവതാരകനെ മർദിച്ചു. മാധ്യമപ്രവർത്തകനും അവതാരകനുമായ മുബഷീർ ലൂക്‌മാനിനാണ് മർദനമേറ്റത്.
പഞ്ചാബ് ജലസേചന മന്ത്രി മൊഹ്‌സിൻ ലഗാരിയുടെ മകന്‍റെ സ്വീകരണ ചടങ്ങിനിടെയാണ് സംഭവം നടന്നത്. പ്രസ്‌തുത ചടങ്ങിൽ പാകിസ്ഥാനിലെ ഭരണകക്ഷിയായ തെഹ്രീക് ഇൻ ഇൻസാഫ് നേതാക്കളായ ജഹാംഗീർ തരീൻ, ഇഷാഖ് ഖക്വാനി എന്നിവർ പങ്കെടുത്തിരുന്നു.
മാധ്യമങ്ങളിൽ വന്ന റിപ്പോർട്ടുകൾ പ്രകാരം സംഭവത്തെ വിവരിക്കുന്നതിങ്ങനെ.
ഒരു ടെലിവിഷൻ പരിപാടിക്കിടെ അവതാരകനായ മുബഷീർ ലൂക്‌മാൻ സോഷ്യൽ മീഡിയ താരം ഹരീം ഷായെയും ഫെഡറൽ മന്ത്രിയെയും ബന്ധപ്പെടുത്തി സംസാരിച്ചിരുന്നു. പ്രസ്‌തുത വിഷയത്തെക്കുറിച്ച് ജഹാംഗീർ തരീനും ഫവാദ് ചൗദരിയും തമ്മിൽ ചർച്ച നടത്തവെയാണ് സ്വീകരണ ചടങ്ങിൽ പങ്കെടുക്കാൻ അവതാരകനായ ലൂക്‌മാൻ എത്തുന്നത്. സ്വാഭാവികമായും ചർച്ച ചെയ്‌തു കൊണ്ടിരുന്ന വിഷയത്തിൽ അവതാകരനും പാക്‌മന്ത്രി ഫവാദ് ചൗദരിയും തമ്മിൽ വാക്കേറ്റമുണ്ടായി. വാക്കു തർക്കത്തിനിടെ ചൗദരി ലൂക്‌മാനെ മർദിക്കുകയും ചെയ്‌തു. ജനങ്ങൾ ഇടപെട്ടാണ് തർക്കം അവസാനിച്ചത്. ഉടൻ തന്നെ ഇരുവരും ചടങ്ങിൽ നിന്ന് പിരിഞ്ഞു പോവുകയും ചെയ്‌തു.
ടിക്‌ടോക് താരം ഹരീം ഷാ വിഷയത്തിൽ തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ ഫെഡറൽ മന്ത്രി പ്രതിഷേധം അറിയിച്ചരുന്നു. ഇതിനിടെയാണ് പാക് മന്ത്രി ചൗദരിയുടെ മർദനം നടക്കുന്നത്.
മുബാഷിർ ലൂക്‌മാനെപ്പോലുള്ളവർക്ക് പത്രപ്രവർത്തനത്തിൽ യാതൊന്നും ചെയ്യാനില്ലെന്നും മാധ്യമപ്രവർത്തന മേഖലയിലേക്ക് അതിക്രമിച്ച് കടന്നവരാണിവരെന്നും ഇതിനുശേഷം പാക് മന്ത്രി ചൗദരി ട്വീറ്റ് ചെയ്‌തു. കഴിഞ്ഞ വർഷം ജൂണിൽ മറ്റൊരു ടെലിവിഷൻ അവതാരകനായ സമി ഇബ്രാഹിമിനെയും ചൗധരി മർദിച്ചിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്.
പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനിന്‍റെ വിദേശകാര്യ മന്ത്രാലയ ഓഫീസിലെ കോൺഫറൻസ് മുറിയിൽ നിന്നു കൊണ്ടുള്ള വീഡിയോ പങ്കുവച്ചതിനെ തുടർന്നാണ് ടിക്‌ടോക് താരം ഹരീം ഷാ ജനപ്രീതി നേടുന്നത്.