ഇസ്‌ലാമബാദ്: പാകിസ്ഥാന്‍ മാധ്യമപ്രവര്‍ത്തകന്‍ ആസാദ് അലി ടൂറിന് നേരെ നടന്ന ആക്രമണത്തെ പാകിസ്ഥാന്‍ മനുഷ്യാവകാശ കമ്മിഷന്‍ അപലപിച്ചു. "മാധ്യമപ്രവർത്തകന് നേരെ നടന്ന ക്രൂരമായ ആക്രമണത്തെ എച്ച്ആർസിപി ശക്തമായി അപലപിക്കുന്നു. അഭിപ്രായ സ്വാതന്ത്ര്യത്തിനും സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തിനുമെതിരെ നടക്കുന്ന മറ്റൊരാക്രമണമായാണ് ഞങ്ങൾ ഇതിനെ കാണുന്നത്," പാകിസ്ഥാൻ മനുഷ്യാവകാശ കമ്മീഷൻ ഔദ്യോഗിക ട്വീറ്റിൽ പറഞ്ഞു. അക്രമികളെ ഉടൻ പിടികൂടാനും അവര്‍ക്കെതിരെ കുറ്റം ചുമത്താനും കമ്മീഷൻ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഭരണകൂടത്തിന്‍റെ നിരന്തര വിമര്‍ശകനായ ആസാദ് അലി ടൂറിന് നേരെ ഇന്നലെ വൈകീട്ടാണ് ആക്രമണമുണ്ടായത്. വീട്ടില്‍ അതിക്രമിച്ച് കയറിയ അക്രമികൾ അദ്ദേഹത്തെ ക്രൂരമായി മർദ്ദിച്ചുവെന്ന് പാകിസ്ഥാന്‍ മാധ്യമമായ സമാ ഡിജിറ്റല്‍ റിപ്പോര്‍ട്ട് ചെയ്‌തു. പിന്നാലെ ആക്രമണത്തെ അപലപിച്ച് രാജ്യത്തെ പ്രമുഖ മാധ്യമ പ്രവർത്തകർ രംഗത്ത് വന്നിരുന്നു. ഗുരുതരമായി പരിക്കേറ്റ ആസാദ് പാകിസ്ഥാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസില്‍ ചികിത്സയില്‍ കഴിയുകയാണ്.
Also read: യുഎസിന് സൈനിക താവളങ്ങൾ വിട്ടുനൽകില്ലെന്ന് പാക് വിദേശകാര്യ മന്ത്രി
ഫ്രീഡം നെറ്റ്‌വർക്കിന്‍റെ 'സ്റ്റേറ്റ് ഓഫ് പ്രസ് ഫ്രീഡം 2021' ലെ വാര്‍ഷിക റിപ്പോര്‍ട്ട് പ്രകാരം മാധ്യമ പ്രവർത്തനത്തിന് ഏറ്റവും അപകടകരമായ സ്ഥലമാണ് പാകിസ്ഥാന്‍. ഇന്‍റര്‍നാഷണല്‍ ഫെഡറേഷൻ ഓഫ് ജേണലിസ്റ്റ്സും (ഐഎഫ്ജെ) പാകിസ്ഥാനെ മാധ്യമ പ്രവര്‍ത്തനം നടത്തുന്നതിന് ലോകത്തെ ഏറ്റവും അപകടകരമായ രാജ്യങ്ങളുടെ പട്ടികയില്‍പ്പെടുത്തിയിരുന്നു. 1990 മുതൽ 138 മാധ്യമപ്രവർത്തകരാണ് ഇതുവരെ പാകിസ്ഥാനിൽ കൊല്ലപ്പെട്ടിട്ടുള്ളത്.