ഇസ്ലാമാബാദ്: പ്രധാനമന്ത്രി ഇമ്രാൻ ഖാന്‍റെ നേതൃത്വത്തിലുള്ള സർക്കാർ കരസേനാ മേധാവി ഖമർ ജാവേദ് ബജ്‌വയുടെ കാലാവധി നീട്ടിനൽകിയ കേസിൽ സുപ്രീംകോടതി വിധിക്കെതിരെ പുനരവലോകന ഹർജി ഫയൽ ചെയ്തു. വിധിയിൽ നിരവധി നിയമപരമായ വിടവുകളുണ്ടെന്ന് കാണിച്ചായിരുന്നു ഹർജി.
വിധിയിൽ ന്യൂനതകളും നിയമപരവും ഭരണഘടനാപരവുമായ പിഴവുകൾ കണ്ടെന്നും ജുഡീഷ്യറിക്ക് സംഭവിച്ച പിഴവ് തിരുത്താൻ സർക്കാർ ആഗ്രഹിക്കുന്നുവെന്നും സർക്കാർ വക്താവ് ഫിർദസ് ആശിക് അവാൻ പറഞ്ഞു.
പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാൻ 2019 ഓഗസ്റ്റ് 19ന് ബജ്‌വയുടെ കാലാവധി മൂന്ന് വർഷത്തേക്ക് നീട്ടിയിരുന്നു. ശേഷം പ്രസിഡന്‍റ് അദ്ദേഹത്തിന് കാലാവധി വീണ്ടും നീട്ടി നൽകുകയായിരുന്നു. നവംബറിൽ കാലാവധി 6 മാസത്തേക്ക് മാത്രം നീട്ടി നൽകിയ കോടതി നിയമനങ്ങൾ നിയന്ത്രിക്കുന്ന നിയമം ഉണ്ടാക്കാൻ കോടതി സർക്കാരിനോട് ഉത്തരവിട്ടു. ഭാവിയിൽ ഇത്തരം തെറ്റുകൾ ഒഴിവാക്കാനാണ് ഇക്കാര്യം പാർലമെന്‍റിന് കൈമാറുന്നതെന്നും കരസേനാ മേധാവി സ്ഥാനത്തേക്ക് ഒരു നിശ്ചിത കാലാവധി നൽകണമെന്നും പാർലമെന്‍റിനോട് കോടതി ആവശ്യപ്പെടുകയും ചെയ്തു.
എന്നാൽ നിലവിലെ നിയമത്തിൽ സൈനിക മേധാവിയുടെ സേവന കാലാവധിയുടെയും വിരമിക്കൽ പ്രായത്തിന്‍റെയും വിശദാംശങ്ങൾ പരാമർശിക്കാത്തതിനാൽ നിയമനിർമാണം തെറ്റാണെന്ന് വിധിയിൽ പറയുന്നു.