ഇസ്ലാമാബാദ്: ഡ്രഗ് റെഗുലേറ്ററി അതോറിറ്റി ഓഫ് പാകിസ്ഥാന്‍റെ ശുപാർശയെ തുടർന്ന് സ്വകാര്യ കമ്പനികൾ ഇറക്കുമതി ചെയ്യുന്ന കൊവിഡ് വാക്‌സിനുകൾക്ക് വലിയ വില ഈടാക്കാൻ ഫെഡറൽ കാബിനറ്റ് അംഗീകാരം നൽകി. റഷ്യയുടെ സ്‌പുട്‌നിക് വി രണ്ട് വാക്‌സിനുകൾക്ക് പാകിസ്ഥാനില്‍ 8,449 രൂപയും ചൈനയുടെ കാൻസിനോ ബയോളജിക്‌സ് വാക്‌സിന് 4,225 രൂപയുമാണ് ഈടാക്കുന്നതെന്ന് അന്താരാഷ്‌ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഈ രണ്ട് വാക്‌സിനുകളുടെയും വിതരണത്തിനുള്ള തുകക്കാണ് ഫെഡറൽ ക്യാബിനറ്റ് അംഗീകാരം നൽകിയത്.
റെഗുലേറ്ററി അതോറിറ്റി വിളിച്ചുചേർത്ത അടിയന്തര യോഗത്തിലാണ് വാക്‌സിൻ വില സംബന്ധിച്ച് തീരുമാനമെടുത്തതെന്ന് അന്താരാഷ്‌ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പാകിസ്ഥാനിൽ നിലവിൽ കൊവിഡിന്‍റെ മൂന്നാം തരംഗമാണ് സംഭവിക്കുന്നത്. ദിനംപ്രതി 3,400 കൊവിഡ് കേസുകളും രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറിൽ പാകിസ്ഥാനിൽ 3,669 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 20 കൊവിഡ് മരണവും രാജ്യത്ത് റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. രാജ്യത്തെ നിലവിലെ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 8.43 ആണ്.