മനില: ദുജുവാൻ കൊടുങ്കാറ്റിനെ തുടർന്നുണ്ടായ വെള്ളപ്പൊക്കം കാരണം 51,000ത്തിലധികം ആളുകളെ മാറ്റി പാർപ്പിച്ചതായി സർക്കാർ ദുരന്ത നിവാരണ ഏജൻസി. സുരിഗാവോ ഡെൽ സർ, സൂരിഗാവോ ഡെൽ നോർട്ടെ, അഗുസാൻ ഡെൽ നോർട്ടെ, ദിനഗട്ട് ദ്വീപുകൾ എന്നിവിടങ്ങളിൽ നിന്നാണ് സർക്കാർ ആളുകളെ ഒഴിപ്പിച്ചതെന്ന് സിവിൽ ഡിഫൻസ് ഓഫീസ് അറിയിച്ചു.
ഇന്ന് രാവിലെയോടെ ചില പ്രദേശങ്ങളിൽ മണ്ണിടിച്ചിൽ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിലവിൽ സൂരിഗാവോ ഡെൽ നോർട്ടെ പ്രവിശ്യയിലെ സൂരിഗാവോ സിറ്റിയിൽ നിന്ന് 275 കിലോമീറ്റർ കിഴക്കായിട്ടാണ് ദുജുവാൻ സ്ഥിതി ചെയ്യുന്നതെന്നും ഇപ്പോൾ 25 കിലോമീറ്റർ വേഗതയിൽ വീശുന്ന കാറ്റ് കര തൊടുമ്പോൾ 80 കിലോമീറ്റർ വേഗതയിൽ വരെ ആഞ്ഞടിക്കാമെന്നും കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പുണ്ട്.
പസഫിക് റിംഗ് ഓഫ് ഫയറിൽ സ്ഥിതിചെയ്യുന്ന ഫിലിപ്പീൻസ് ഏറ്റവും കൂടുതൽ ദുരന്ത സാധ്യതയുള്ള രാജ്യങ്ങളിലൊന്നാണ്. സജീവമായ അഗ്നിപർവ്വതങ്ങൾ, പതിവ് ഭൂകമ്പങ്ങൾ, പ്രതിവർഷം ശരാശരി 20 ചുഴലിക്കാറ്റുകൾ, വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ എന്നിവ കാരണം രാജ്യത്ത് ശരാശരി നൂറുകണക്കിന് ആളുകൾക്ക് ജീവൻ നഷ്‌ടപ്പെടാറുമുണ്ട്.