ബീജിങ് : 132 പേരുമായി പറന്ന വിമാനം ചൈനയില്‍ തകര്‍ന്ന സംഭവത്തില്‍ ആരെയും ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്ന് രക്ഷാപ്രവര്‍ത്തകര്‍. ചൈന ഇസ്റ്റേണ്‍ വിമാനമാണ് ഇന്നലെ(21.03.2022) ദക്ഷിണ ചൈനയില്‍ തകര്‍ന്നത്. 132 പേരില്‍ ആരെങ്കിലും രക്ഷപ്പെട്ടിട്ടുണ്ടാകുമെന്ന പ്രതീക്ഷ അസ്തമിച്ചിരിക്കുകയാണ്.
പര്‍വത പ്രദേശത്താണ് വിമാനം തകര്‍ന്നത്. വിമാനത്തിന്‍റെ ബ്ലാക്ക് ബോക്‌സ് ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. അപകടകാരണം എന്താണെന്നറിയണമെങ്കില്‍ ബ്ലാക്ക് ബോക്സ് കിട്ടേണ്ടതുണ്ട്. ചൈന ഈസ്റ്റേണിന്‍റെ ബോയിങ് 737 വിമാനം കുണ്‍മിങ്ങില്‍ നിന്നാണ് പുറപ്പെട്ടത്.
ഗുവാങ്ഷുവായിരുന്നു ലക്ഷ്യ സ്ഥാനം. എന്നാല്‍ മൊലാങ് ഗ്രാമത്തിലെ പര്‍വത പ്രദേശത്ത് ഇന്നലെ പ്രാദേശിക സമയം ഉച്ചയ്ക്ക് 2.38ന് തകര്‍ന്ന് വീഴുകയായിരുന്നു. വിമാനം തകര്‍ന്നതിന് ശേഷം പൊട്ടിത്തെറിയുണ്ടായെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
ALSO READ: റഷ്യൻ സൈബർ ആക്രമണത്തിന് സാധ്യത; യുഎസ് കമ്പനികൾക്ക് മുന്നറിയിപ്പ് നൽകി ബൈഡൻ
വിമാനം തകര്‍ന്ന സ്ഥലത്ത് വലിയ കുഴി രൂപപ്പെട്ടിട്ടുണ്ട്. വിമാനം തകര്‍ന്ന സ്ഥലത്തിന് ചുറ്റുമുള്ള ഏതാനും മീറ്ററുകളിലുള്ള മരങ്ങള്‍ കത്തുകയും കടപുഴകുകയും ചെയ്‌തിട്ടുണ്ട്. വിമാനം തകര്‍ന്നതിനെ തുടര്‍ന്ന് പ്രദേശത്ത് കാട്ടുതീയുമുണ്ടായി.
നൂറ് കണക്കിന് ഫയര്‍ഫോഴ്‌സ് സേനാംഗങ്ങളുടെ ശ്രമഫലമായാണ് തീ അണച്ചത്. അപകടത്തിന്‍റെ കാരണം കണ്ടെത്താന്‍ ചൈന ഈസ്റ്റേണ്‍ എയര്‍ലൈന്‍സുമായി സഹകരിച്ച് വരികയാണെന്ന് ബോയിങ് കമ്പനി വ്യക്തമാക്കി. അപകടസ്ഥലത്ത് നൂറ് കണക്കിന് രക്ഷാപ്രവര്‍ത്തകരാണ് തിരച്ചില്‍ നടത്തിയത്.
തരതമ്യേന സുരക്ഷിതമായ വ്യോമയാത്ര എന്ന ചൈനീസ് ഖ്യാതിക്ക് ഇന്നലെ നടന്ന അപകടം കളങ്കമുണ്ടാക്കിയിരിക്കുകയാണ്. മരണങ്ങള്‍ സംഭവിക്കാതെ, യാതൊരു അപകടവുമില്ലാതെ തുടര്‍ച്ചയായ പത്ത് കോടി മണിക്കൂര്‍ ചൈനീസ് എയര്‍ലൈന്‍സുകള്‍ കൈവരിച്ചിരുന്നു.
2010ലാണ് യാത്രക്കാര്‍ മരിച്ച വിമാനാപകടം ചൈനയില്‍ നടക്കുന്നത്.ഹെയിലൊജിയാങ് പ്രവിശ്യയില്‍ 42ആളുകളാണ് അന്ന് കൊല്ലപ്പെട്ടത്.