ജറുസലേം: ഇസ്രയേലില്‍ രാഷ്‌ട്രീയ പ്രതിസന്ധി തുടരുന്നു. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും പ്രതിപക്ഷ എതിരാളി ബെന്നി ഗാന്‍റ്സും ചേര്‍ന്ന് കൂട്ടുകക്ഷി സര്‍ക്കാര്‍ രൂപീകരിക്കുന്നതിനായുള്ള ചര്‍ച്ച സമയപരിധിക്കുള്ളില്‍ ധാരണയായില്ല . വിഷയത്തില്‍ തീരുമാനമെടുക്കുന്നതിനുള്ള സമയപരിധി ഇന്നലെ അവസാനിച്ചു. നെതന്യാഹുവിന്‍റെ വലതുകക്ഷി ലിക്കുഡ് പാര്‍ട്ടിയും ഗാന്‍റ്സിന്‍റെ സെന്‍റ്‌റിസ്റ്റ് ബ്ലൂ ആന്‍റ് വൈറ്റ് പാര്‍ട്ടിയും ചേര്‍ന്ന് ഇന്നലെ നടത്തിയ ചര്‍ച്ച ധാരണയാകാതെ പിരിഞ്ഞു. ഇത് സംബന്ധിച്ച് ഇതുവരെ ഇരു പാര്‍ട്ടികളും പ്രസ്‌താവനയിറക്കിയിട്ടില്ല. നെതന്യാഹുവിനും ഗാന്‍റ്സിനും കൂടി ഇസ്രയേല്‍ പ്രസിഡന്‍റ് റ്യൂവെന്‍ റിവിലില്‍ അടുത്ത 48 മണിക്കൂര്‍ സമയം കൂടി നല്‍കിയിട്ടുണ്ട്.
നെതന്യാഹുവിന്‍റെ ലിക്കുഡ് പാര്‍ട്ടിയുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ കഴിയാത്തതാണെന്ന് എതിര്‍ കക്ഷി നേതാക്കള്‍ പറയുന്നു. സമയപരിധി അവസാനിച്ചതിനു ശേഷവും ഇരു പാര്‍ട്ടികളും തമ്മിലുള്ള ചര്‍ച്ച തുടരുകയാണ്. അനിശ്ചിതത്വം തുടരുന്നതിനാല്‍ ഇസ്രയേല്‍ ചിലപ്പോള്‍ നാലാം ഘട്ട തെരഞ്ഞെടുപ്പിന് സാക്ഷ്യം വഹിച്ചേക്കാം എന്നാണ് സാഹചര്യങ്ങള്‍ സൂചിപ്പിക്കുന്നത്. 61 സീറ്റുകളുടെ പിന്‍ബലമുള്ള ആര്‍ക്കും സര്‍ക്കാര്‍ രൂപികരിക്കാമെന്നാണ് നിലവിലുള്ള ധാരണ. 28 ദിവസത്തെ സമയപരിധിയാണ് ഗാന്‍റിസിന് കൂട്ടുകക്ഷി സര്‍ക്കാര്‍ രൂപീകരിക്കുന്നതിനായി നല്‍കിയത്. ഈ സമയപരിധിയാണ് അവസാനിച്ചത്.