കാഠ്മണ്ഡു: ഇന്ത്യൻ പ്രദേശങ്ങൾ ഉൾക്കൊള്ളുന്ന പുതിയ നേപ്പാൾ ഭൂപടത്തിനുള്ള ഭേദഗതി ബിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ നേപ്പാൾ ലോവർ ഹൗസ് അംഗീകരിച്ചു. ശനിയാഴ്ച പാർലമെന്‍റില്‍ നടന്ന തെരഞ്ഞെടുപ്പിലാണ് പരിഷ്കരിച്ച ഭൂപടത്തിന് വോട്ടെടുപ്പിലൂടെ അംഗീകാരം ലഭിച്ചത്. ആകെയുള്ള 258 വോട്ടുകൾ മുഴുവനായും ഭൂപടത്തിന് പിന്തുണ നൽകി. നേപ്പാൾ ജനപ്രതിനിധിസഭയിലെ അംഗങ്ങൾ അഞ്ച് മണിക്കൂർ നീണ്ട ചർച്ചയ്ക്ക് ശേഷമാണ് ഭേദഗതി ബില്ലിന് വോട്ട് ചെയ്തത്.
അതിർത്തി പ്രശ്‌നം നയതന്ത്രപരവും ഫലപ്രദവുമായ ചർച്ചകളിലൂടെ പരിഹരിക്കാമെന്ന പ്രമേയം അവതരിപ്പിച്ചതായും ഇന്ത്യയുമായുള്ള ശത്രുതയ്ക്കല്ല വന്നിരിക്കുന്നതെന്നും മുൻ പ്രധാനമന്ത്രി പുഷ്പ കമൽ ദഹാൽ പാർലമെന്‍റില്‍ പറഞ്ഞു. നേപ്പാൾ ലോവർ ഹൗസിൽ ആകെ 275 സീറ്റുകളാണ് ഉള്ളത്. ഇതിൽ ചിലത് പല കാരണങ്ങളാൽ ഒഴിഞ്ഞ് കിടക്കുകയാണ്.