കാഠ്മണ്ഡു: നേപ്പാൾ കടുത്ത ആശങ്കയിൽ. കൊവിഡിന്‍റെ മൂന്നാം വകഭേദവും സ്ഥിരീകരിച്ച് രാജ്യം. ചൈനയിൽ നിന്നുള്ള കൊറോണ വൈറസിനേയും യുകെയിൽ നിന്നുള്ള B.1.617.1 വകഭേദവും കണ്ടെത്തിയതിനു ശേഷം അതിഭീകര വ്യാപന ശേഷിയുള്ള കൊറോണയുടെ ഇന്ത്യൻ വകഭേദം B.1.617.2ഉം നേപ്പാളിൽ കണ്ടെത്തിയതായി ആരോഗ്യ-ജനസംഖ്യാ മന്ത്രാലയം അറിയിച്ചു.
രാജ്യത്തെ 35 ജില്ലകളിൽ നിന്ന് ശേഖരിച്ച സാമ്പിളുകളിൽ നടത്തിയ ജീൻ സീക്വൻസിങിൽ 97 ശതമാനം സാമ്പിളുകളിലും ഇന്ത്യൻ വകഭേദമായ B.1.617.2 കണ്ടെത്തി. മറ്റു മൂന്ന് ശതമാനം ആളുകളിലും യുകെ വകഭേദമാണ് കണ്ടെത്തിയതെന്ന് ആരോഗ്യ-ജനസംഖ്യാ മന്ത്രാലയം അസിസ്റ്റന്‍റ് വക്താവ് ഡോ. സമീർ കുമാർ അധികാരി പറഞ്ഞു. ലോകാരോഗ്യസംഘടനയുടെ അംഗീകാരമുള്ള സിഎസ്‌ഐആർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്സ് ആൻഡ് ഇന്‍റഗ്രേറ്റീവ് ബയോളജിയിൽ നടത്തിയ ജീൻ സീക്വൻസിങിലാണ് ഇന്ത്യൻ വകഭേദം കണ്ടെത്തിയത്.
ഇന്ത്യൻ വകഭേദം മാരക വ്യാപന ശേഷിയുള്ളതിനാലും പ്രായഭേദമന്യേ നിരവധി ആരോഗ്യ പ്രശ്നങ്ങൾ ഉയർത്തുന്നതിനാലും പ്രോട്ടോക്കോളുകൾ കർശനമായി പാലിക്കണമെന്ന് മന്ത്രാലയം ജനങ്ങളോട് അഭ്യർത്ഥിച്ചു.
അതേസമയം, നേപ്പാളിൽ ചൊവ്വാഴ്ച 8,203 പുതിയ കൊവിഡ് കേസുകളും 196 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ നേപ്പാളിലെ മൊത്തം കൊവിഡ് കേസുകൾ 372,354 ആയി. ആകെ മരണങ്ങൾ 5,411 ആയി.