കാഠ്‌മണ്ഡു: നേപ്പാള്‍ പ്രധാനമന്ത്രി കെ.പി ശര്‍മ ഒലിയുടെ സെക്രട്ടേറിയേറ്റിലെ 17 ഉദ്യോഗസ്ഥര്‍ രാജി സമര്‍പ്പിച്ചു. നവംബര്‍ 17 മുതല്‍ രാജി പ്രാബല്യത്തില്‍ വരും. പ്രധാനമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് എല്ലാവരും രാജിക്ക് തയാറായിരിക്കുന്നത്.
സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശക്‌തമായ പ്രതിഷേധങ്ങള്‍ പ്രതിപക്ഷത്തിന്‍റെ ഭാഗത്തുനിന്നുണ്ട്. ഇതിന് പിന്നാലെ കെ.പി ശര്‍മ ഒലി മന്ത്രിസഭയില്‍ അഴിച്ചുപണി നടത്തുമെന്ന് സൂചനയുണ്ടായിരുന്നു. ഒപ്പം നേതൃത്വ തലത്തില്‍ സമ്പൂര്‍ണമായി നടത്താനിരിക്കുന്ന അഴിച്ചുപണിയുടെ ഭാഗമാണ് ഉദ്യോഗസ്ഥരുടെ സ്ഥാന ചലനം എന്നാണ് നേപ്പാളിലെ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
പ്രധാനമന്ത്രിയുടെ മുഖ്യ ഉപദേശകന്‍ ബിഷ്‌ണു റിമാല്‍, വിദേശകാര്യ ഉപദേഷ്‌ടാവ് രാജന്‍ ഭട്ടാരി, പേഴ്‌സണല്‍ സെക്രട്ടറി ഇന്ദ്ര ബന്ദാരി, പബ്ലിക്ക് റിലേഷന്‍ ഓഫീസര്‍ അച്യുത് മൈനാലി, മാധ്യമ ഉപദേഷ്‌ടാവ് കുന്ദന്‍ ആര്യാല്‍, ഐ.ടി ഉപദേഷ്‌ടാവ് അസ്‌ഗര്‍ അലി എന്നിവരാണ് രാജിവെച്ചവരില്‍ പ്രമുഖര്‍.